നടിയും സംവിധായകയുമായ വിജയ നിർമ്മല അന്തരിച്ചു

നടിയും സംവിധായികയുമായ വിജയ നിർമ്മല (73 വയസ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോൺഡിനന്റൽ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്ത വനിത എന്ന പേരിൽ ഗിന്നസ് റെക്കോഡിൽ ഇടം നേടിയ സ്ത്രീയാണ് വിജയ നിർമ്മല. വ്യത്യസ്ത ഭാഷകളിലായി 44 സിനിമകളാണ് വിജയ സംവിധാനം ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 200 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ് നിർമ്മല. ശിവാജി ഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരിൽ ഒരാളായിരുന്നു വിജയ നിർമ്മല.

തമിഴ്‌നാടാണ് വിജയയുടെ സ്വദേശം. ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് അവർ സിനിമയിലേക്ക് എത്തുന്നത്. 1957ൽ തെലുങ്കു സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. നിർമ്മലയുടെ കരിയറിലെ മികച്ച വേഷങ്ങൾ അധികവും മലയാള സിനിമയിൽ ആയിരുന്നു. എ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഭാർഗവി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ ഏറെ നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top