റിമാൻഡ് പ്രതിയുടെ മരണം; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

പീരുമേട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ക്രൈം ബ്രാഞ്ച് എഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു.

കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെഎം.സാബു മാത്യുവിൻറെ നേരിട്ടുളള മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്.സാബു, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ സജു വർഗ്ഗീസ്, എസ്.ജയകുമാർ, എ.എസ്.ഐ മാരായ പി.കെ.അനിരുദ്ധൻ, വി.കെ.അശോകൻ എന്നിവരും സംഘത്തിൽ ഉണ്ടായിരിക്കും.

ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്. അന്വേഷണത്തിൻറെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം നൽകാനും ക്രൈം ബ്രാഞ്ച് എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജിയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top