‘കശ്മീർ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ജവഹർലാൽ നെഹ്രു’ : അമിത് ഷാ

കശ്മീർ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ജവഹർലാൽ നെഹ്രുവെന്ന് അമിത് ഷാ. കശ്മീരിന്റെ മൂന്നിലൊന്ന് ജവഹർലാൽ നെഹ്രു നഷ്ടമാക്കി. ഇന്ത്യാ വിഭജനം നെഹ്‌റുവിന്റെ തീരുമാനമെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. ആ സമയത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നിർദ്ദേശം സ്വീകരിക്കാൻ നെഹ്രു തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോഴും അത്തരം പ്രശ്‌നങ്ങൾ നിലനിൽക്കാൻ കാരണമെന്നും അമിത് ഷാ കൂട്ടിത്തേർത്തു. പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കാശ്മീരിൽ രാഷ്ട്രപതി ഭരണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും അമിത് ഷാ സഭയിൽ അവതരിപ്പിച്ചു.
Read Also : ചന്ദ്രബാബു നായിഡുവിനോട് വീടൊഴിയാൻ ഉത്തരവിട്ട് സർക്കാർ
താത്കാലിക രാഷ്ട്രീയ നേട്ടത്തിനായി ജമ്മു കശ്മീരിൽ ജനാധിപത്യ മര്യാദകളെ ചവിട്ടി മെതിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താൻ സുരക്ഷ പ്രശ്‌നങ്ങളില്ലാത്ത ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിന് സുരക്ഷയാണ് കാരണമെന്ന് പറയുന്നത് സർക്കാരിൻറെ ഇരട്ട താപ്പാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി വിമർശിച്ചു. ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് സർക്കരെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ മണ്ഡലങ്ങളുടെ പുനക്രമീകരണത്തിനായാണ് കേന്ദ്ര സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. നിലവിൽ 37 മണ്ഡലങ്ങളുള്ള ജമ്മു മേഖലയിൽ ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാല്പത്തിയഞ്ചിന് മുകളിൽ നിയമസഭാ മണ്ഡലങ്ങൾ രൂപികരിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം ബി ജെ പിക്ക് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മണ്ഡല പുനക്രമീകരണം വന്നാൽ അടുത്ത വർഷം പകുതിയോടെയെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ്‌നടക്കു.
ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് കൂടി സംവരണാനുകൂല്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന ബില്ലും ലോക്‌സഭ ചർച്ച ചെയ്യുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here