കോടഞ്ചേരി മരണം; ഫ്യൂരിഡാന്‍ എന്ന് പരിശോധന റിപ്പോര്‍ട്ട്‌

കോഴിക്കോട് കോടഞ്ചേരിയിലെ ചെമ്പിരി കോളനിയില്‍ നിന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ രക്തസാമ്പിളിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. ചികിത്സയില്‍ ഉള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് കണ്ടെത്തി. അതേ സമയം മരിച്ച കൊളമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ.

മൂന്ന് പേരെയാണ് ഇന്നലെ രാത്രിയോടെ അവശനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 65 കാരന്‍ കൊളമ്പന്‍ മെഡിക്കല്‍ കോളേജിലെക്കുള്ള വഴിമധ്യേയ മരിച്ചു. ബാക്കിയുള്ള രണ്ട് പേരുടെ രക്തസാമ്പിളുകളാണ് ഇന്ന് രാവിലെ കോഴിക്കോട് ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചത്. ഇതിന്റെ പരിശോധന ഫലത്തിലാണ് ഫ്യൂറിഡാന്റെ അംശം കണ്ടെത്തി.രണ്ട് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ ഇവരെ വാര്‍ഡുകളിലേക്ക് മാറ്റി. അതേ സമയം മരണത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അതിനിടെ സംഭവ സമയത്തെ ഒപ്പമുണ്ടായ എസ്റ്റേറ്റ് സൂപ്പര്‍വൈസറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. മരണപ്പെട്ട കൊളമ്പന്റ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊളമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.

കോടഞ്ചേരി നൂറാംതോടിന് സമീപം പാലക്കല്‍ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍ ആണ് ഇന്നലെ കൂഴഞ്ഞ് വീണ് മരിച്ചത്. കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top