എറിഞ്ഞു പിടിച്ച് ഇംഗ്ലണ്ട്; രോഹിതിന്റെ സെഞ്ചുറി പാഴായി: ഇന്ത്യക്ക് ആദ്യ തോൽവി

ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ട് പേസർമാരുടെ ഉജ്ജ്വല പ്രകടനമാണ് അവർക്ക് ജയമൊരുക്കിയത്. 102 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 66 റൺസെടുത്ത കോലി, 45 റൺസെടുത്ത പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ വളരെ സാവധാനത്തിലാണ് തുടങ്ങിയത്. തുടർച്ചയായി മൂന്ന് മെയ്ഡൻ ഓവറുകളെറിഞ്ഞ ക്രിസ് വോക്സ് ഇതിനിടെ ലോകേഷ് രാഹുലിൻ്റെ (0) വിക്കറ്റും സ്വന്തമാക്കി. തുടർന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ക്രീസിൽ ഒത്തു ചേർന്നു. കോലി സ്വതസിദ്ധമായ ശൈലിയിൽ കളിച്ചുവെങ്കിലും രോഹിത് ടൈമിംഗ് കണ്ടെത്താനാവാതെ വിഷമിച്ചു.

പ്രവചനാതീതമായ ബൗൺസും സ്ലോ പിച്ചും ഇന്ത്യൻ സ്കോറിംഗിനെ വളരെ ദോഷകരമായി ബാധിച്ചു. മുൻ നിര ബൗളർമാരുടെ ആദ്യ സ്പെൽ കഴിഞ്ഞതിനു ശേഷമാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്. രോഹിതും മെല്ലെ സ്കോർ ഉയർത്താൻ തുടങ്ങി. ഇതിനിടെ കോലി 59 പന്തുകളിലും രോഹിത് 65 പന്തുകളിലും അർദ്ധസെഞ്ചുറി കണ്ടെത്തി.

138 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷമാണ് ഈ സഖ്യം വേർപിരിയുന്നത്. 29ആം ഓവറിൽ ലിയാം പ്ലങ്കറ്റിനു വിക്കറ്റ് സമ്മാനിച്ച് കോലി മടങ്ങി. 66 റൺസെടുത്ത കോലിയെ ജെയിംസ് വിൻസ് പിടികൂടി. ശേഷം ഋഷഭ് പന്ത് ക്രീസിലെത്തി. ഇതിനിടെ 106 പന്തുകളിൽ രോഹിത് സെഞ്ചുറി തികച്ചു. ഇന്ത്യൻ ഓപ്പണറുടെ ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് പിന്നാലെ രോഹിത് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 102 റൺസെടുത്ത രോഹിത് ക്രിസ് വോക്സിൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിച്ചു.

തുടർന്ന് ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ ചില മികച്ച ഷോട്ടുകൾ ഉതിർത്ത് ഇന്ത്യക്ക് പ്രതീക്ഷ നൽകി. പാണ്ഡ്യക്കൊപ്പം പന്തും കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയതോടെ ഇന്ത്യ റിക്വയർഡ് റൺ റേറ്റിനൊപ്പം സ്കോർ ചെയ്തു. എന്നാൽ 40ആം ഓവറിൽ പന്ത് പുറത്തായി. പാണ്ഡ്യയുമായി നാലാം വിക്കറ്റിൽ 28 റൺസ് കൂട്ടുകെട്ടുയർത്തിയ പന്ത് 32 റൺസെടുത്താണ് മടങ്ങിയത്.

അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ ധോണി പാണ്ഡ്യക്കൊപ്പം ചേർന്ന് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ ഇംഗ്ലീഷ് പേസർമാരുടെ കൃത്യതയാർന്ന ബൗളിംഗ് ഇന്ത്യക്ക് സമ്മർദ്ദമുണ്ടാക്കി. സമ്മർദ്ദത്തിനൊടുവിൽ കൂറ്റനടിക്കു ശ്രമിച്ച പാണ്ഡ്യക്കു പിഴച്ചു. 45 റൺസെടുത്ത പാണ്ഡ്യ പ്ലങ്കറ്റ് എറിഞ്ഞ 45ആം ഓവറിൽ ജെയിംസ് വിൻസിനു പിടികൊടുത്താണ് മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ ധോണിയുമായി 41 റൺസ് കൂട്ടിച്ചേർത്ത പാണ്ഡ്യ മടങ്ങിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.

കേദാർ ജാദവും ധോണിയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടിനെ സമർദ്ധമായി പിടിച്ചു നിർത്തിയ ഇംഗ്ലണ്ട് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. പേസ്, ലെംഗ്ത് വേരിയേഷനുകൾ ബുദ്ധിപൂർവ്വം പ്രയോഗിച്ച ഇംഗ്ലീഷ് പേസർമാർ ഹർദ്ദിക് പാണ്ഡ്യ പുറത്തായതിനു ശേഷം ധോണിയെയും ജാദവിനെയും ഫ്രീ ആയി സ്കോർ ചെയ്യാൻ അനുവദിച്ചില്ല. അവസാന അഞ്ച് ഓവറുകളിൽ ആകെ 4 ബൗണ്ടറികൾ മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഇതിൽ രണ്ടും അവസാന ഓവറിലായിരുന്നു. അവസാന ഓവറിൽ ഇന്ത്യക്ക് 44 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഇന്ത്യക്ക് സ്കോർ ചെയ്യാനായത് 12 റൺസ്. ഇംഗ്ലണ്ടിന് 31 റൺസ് ജയം.

42 റൺസെടുത്ത ധോണിയും 12 റൺസെടുത്ത ജാദവും പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top