സ്ത്രീ സുരക്ഷ പദ്ധതിയില്‍ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്രം

സ്ത്രീ സുരക്ഷ പദ്ധതിയില്‍ ഗുരുതര വീഴ്ച വരുത്തി കേരളം. നിര്‍ഭയ പദ്ധതിയുടെ ഭാഗമായ് കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപ കേരളം പാഴാക്കി. പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് നല്‍കാന്‍ കേന്ദ്രം അനുവദിച്ച വിഹിതത്തില്‍ നിന്ന് ഒരു രൂപപോലും സംസ്ഥാനം വിതരണം ചെയ്തില്ല. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വച്ച രേഖയിലാണ് സംസ്ഥാനത്തിന്റെ വീഴ്ച വ്യക്തമാകുന്നത്.

സ്ത്രീ സുരക്ഷ പദ്ധതികളുടെ നടത്തിപ്പുമായ് ബന്ധപ്പെട്ട് കേരളം പറയുന്നതും പ്രവര്‍ത്തിയ്ക്കുന്നതും പൂരകങ്ങള്‍ അല്ല എന്ന് വ്യക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച രേഖകള്‍. സ്ത്രീ സുരക്ഷ പദ്ധതിയായ നിര്‍ഭയയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ച വരുത്തി കേരളം പാഴാക്കിയത് കോടികള്‍. പീഡനങ്ങള്‍ക്ക് വിധേയരായ ഇരകള്‍ക്ക് ആയുള്ള കേന്ദ്ര ധനസഹായത്തിന്റെ വിതരണകാര്യത്തിലെ വിഴ്ചയാണ് പ്രധാനം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ കേരളത്തിന് ഇതിനായ് അനുവദിച്ചത് 760 ലക്ഷം രൂപ. എന്നാല്‍ കേരളം ഒരു രൂപ പോലും ഈ ഇനത്തില്‍ വിതരണം ചെയ്ത് ഇരകളെ സഹായിച്ചില്ല.

സ്ത്രീ സുരക്ഷയ്ക്കായുള്ള എമര്‍ജന്‍സി റസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിനായ് കേന്ദ്രം അനുവദിച്ചത് 733.27 ലക്ഷം. കേരളം ചിലവാക്കിയത് ആകട്ടെ കേവലം 337 ലക്ഷം രൂപ മാത്രം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റക്യത്യങ്ങള്‍ തടയാനുള്ള സംവിധാനങ്ങള്‍ രൂപീകരിയ്ക്കാന്‍ അനുവദിച്ച തുക പാഴാക്കിയതാണ് മറ്റൊരു പ്രധാന വീഴ്ച. കേന്ദ്രം അനുവദിച്ചത് 435 ലക്ഷം. ഒരു രൂപ പോലും കേരളം പക്ഷേ ഉപയോഗിച്ചില്ല. വണ്‍ സ്റ്റോപ് സെന്റര്‍ പ്രോഗ്രാമിന് 468.85 ലക്ഷം അനുവദിച്ചപ്പോള്‍ ചിലവാക്കിയത് കേവലം 41 ലക്ഷം മാത്രം. യൂണിവഴ്‌സലൈസേഷന്‍ ഓഫ് വിമണ്‍ ഹെല്‍പ്പ് ലൈന്‍ സ്‌കിമിന് അനുവദിച്ച 174.95 ലക്ഷത്തില്‍ ചിലവാക്കിയത് കേവലം 72.71 ലക്ഷം . ആന്റോ ആന്റ്ണിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം രേഖാമൂലം നിലപാട് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top