ഉത്തര്‍പ്രദേശ് ആശ്രമത്തിലെ മലയാളിയുടെ മരണം; മരിച്ചത് ഏതു ദിവസമെന്ന കാര്യത്തിലടക്കം പൊരുത്തക്കേടുകളും ദുരൂഹതയും

ഉത്തര്‍പ്രദേശിലെ ആശ്രമത്തില്‍ മലയാളി മരിച്ചത് ഏതു ദിവസമെന്ന കാര്യത്തിലടക്കം പൊരുത്തക്കേടുകളും ദുരൂഹതയും. ട്വന്റി ഫോറിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍, ആശ്രമം അധികൃതര്‍ വെളിപ്പെടുത്തിയ യഥാര്‍ത്ഥ തീയതി അല്ല രേഖകളില്‍ ഉള്ളത്. അതേസമയം, വിക്രമന്റെ മരണത്തില്‍ ആശ്രമം അധികൃതര്‍ കേരളാ പൊലീസിനെ പഴിചാരുകയാണ്.

പശു വ്യാപാരിയായ ചെങ്ങന്നൂര്‍ സ്വദേശി വിക്രമന്‍ വെച്ചൂര്‍ പശുക്കളുമായാണ് വൃന്ദാവനത്തിലെ ദേവ്റ ആശ്രമത്തിലെത്തിയത്. ആശ്രമത്തിലെ ഒരു സ്വാമി മുഖേനയായിരുന്നു കച്ചവടം. ആശ്രമത്തില്‍ വച്ചു പലതവണ വിക്രമന്‍ രക്തം ഛര്‍ദിച്ചുവെന്ന് ആശ്രമത്തിലെ ബ്രഹ്മചാരി പറഞ്ഞു.

വിക്രമനെ രാത്രി തന്നെ മധുരയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചികില്‍സ നല്‍കിയ ശേഷം വീണ്ടും ആശ്രമത്തില്‍ കൊണ്ടുവന്നു. അടുത്ത ദിവസം രാവിലെ നില വഷളായി. ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും മരിച്ചു. ഒരു കേസില്‍ കേരളാ പൊലീസ് വിക്രമനെ മര്‍ദിച്ചുവെന്നും അന്നുമുതല്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളാണ് വിക്രമന്റെ മരണത്തിന് പിന്നിലെന്നും ബ്രഹ്മചാരി ആരോപിച്ചു.

വിക്രമന്‍ ആശ്രമത്തിലെത്തിയ രാത്രിയില്‍ തന്നെയാണ് അസുഖം കൂടിയതെന്നും അടുത്ത ദിവസം മരിച്ചെന്നുമാണ് ആശ്രമം അധികാരികള്‍ പറയുന്നത്. കഴിഞ്ഞമാസം 17നോ 18നോ ആണ് വിക്രമന്‍ ആശ്രമത്തില്‍ വന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വൃന്ദാവന്‍ ജില്ലാ ആശുപത്രിയില്‍ തയാറാക്കിയ മരണറിപ്പോര്‍ട്ടില്‍ ജൂണ്‍ 23ന് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top