പൂരന്റെ സെഞ്ചുറി പാഴായി; നിർഭാഗ്യത്തിൽ റണ്ണൗട്ടായി വിൻഡീസ്

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി. 23 റൺസിനാണ് ശ്രീലങ്ക വിൻഡീസിനെ പരാജയപ്പെടുത്തിയത്. 339 പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇന്ദീസിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. അവസാന ഘട്ടം വരെ കടുത്ത പോരാട്ടം കാഴ്ച വെച്ചാണ് വിൻഡീസ് കീഴടങ്ങിയത്. 3 വിക്കറ്റിട്ട ലസിത് മലിംഗയാണ് ശ്രീലങ്കയ്ക്കു വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞത്. 118 റൺസെടുത്ത നിക്കോളാസ് പൂരനും 51 റൺസെടുത്ത ഫേബിയൻ അലനും വിൻഡീസിനു വേണ്ടി തിളങ്ങി.

339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് മൂന്നാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. 5 റൺസെടുത്ത സുനിൽ അംബ്രിസിനെ മലിംഗ കുശാൽ പെരേരയുടെ കൈകളിലെത്തിച്ചു. അഞ്ചാം ഓവറിൽ ഷായ് ഹോപ്പിനെ (5) ക്ലീൻ ബൗൾഡാക്കിയ മലിംഗ വെസ്റ്റിന്‍ഡീസിനെ അപകടത്തിലേക്ക് തള്ളി വിട്ടു. മൂന്നാം വിക്കറ്റിൽ ഷിംറോൺ ഹെട്മയർ ക്രീസിലെത്തിയതോടെയാണ് വിൻഡീസ് ഇന്നിംഗ്സിന് ജീവൻ വെച്ചത്.

മെല്ലെയെങ്കിലും ഇന്നിംഗ്സ് ബിൽഡ് ചെയ്ത ഹെട്‌മയർ-ഗെയിൽ സഖ്യം മൂന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. കസുൻ രജിത എറിഞ്ഞ 16ആം ഓവറിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഗെയിൽ ജെഫ്രേ വണ്ടർസേയുടെ കൈകളിൽ ഒതുങ്ങി. 35 റൺസ് എടുത്താണ് ഗെയിൽ പുറത്തായത്. 18ആം ഓവറിൽ ഹെട്‌മെയറും പുറത്തായി. 29 റൺസെടുത്ത ഹെട്‌മെയർ ദൗർഭാഗ്യകരമായി റണ്ണൗട്ടായി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ നിക്കോളാസ് പൂരനും ജേസൻ ഹോൾഡറും ഒത്തുചേർന്നു. മനോഹരമായി ബാറ്റ് ചെയ്ത പൂരൻ ക്യാപ്റ്റനോടൊപ്പം ചേർന്ന് വിൻഡീസിനെ കൈപിടിച്ചുയർത്തി. ഇരുവരും ചേർന്ന് 61 റൺസാണ് കൂട്ടിച്ചേർത്തത്. 29ആം ഓവറിൽ ഹോൾഡർ പുറത്തായി. 26 റൺസെടുത്ത ഹോൾഡറിനെ ജെഫ്രേ വണ്ടർസേയുടെ പന്തിൽ ജീവൻ മെൻഡിസ് കൈപ്പിടിയിലൊതുക്കി. തുടർന്ന് കാർലോസ് ബ്രാത്‌വെയ്റ്റ് ക്രീസിലെത്തിയെങ്കിലും പെട്ടെന്ന് മടങ്ങി. എട്ട് റൺസെടുത്ത ബ്രാത്‌വെയ്റ്റും റണ്ണൗട്ടായിരുന്നു. ഇതിനിടെ 57 പന്തുകളിൽ പൂരൻ അർദ്ധസെഞ്ചുറി കുറിച്ചിരുന്നു.

ഏഴാം വിക്കറ്റിൽ പൂരനു കൂട്ടായി ഫേബിയൻ അലൻ എത്തിയതോടെ വിൻഡീസ് കളിയിലേക്ക് തിരികെ വന്നു. ഗ്രൗണ്ടിൻ്റെ നാലു പാടും ഷോട്ടുകളുതിർത്ത അലൻ ശരവേഗത്തിലാണ് സ്കോർ ചെയ്തത്. വെറും 31 പന്തുകളിലാണ് അലൻ അർദ്ധസെഞ്ചുറി കുറിച്ചത്. ഏഴാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്ത ഇരുവരും വിൻഡീസിനെ അനായാസം ജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും വീണ്ടും നിർഭാഗ്യത്തിൻ്റെ രൂപത്തിൽ റണ്ണൗട്ട് എത്തി. 32 പന്തുകളിൽ 51 റൺസെടുത്ത അലൻ പുറത്ത്.

92 പന്തുകളിൽ പൂരൻ ആദ്യ അന്താരാഷ്ട്ര ശതകം കുറിച്ചു. പൂരൻ ക്രീസിലുണ്ടെങ്കിൽ കളി ജയിക്കാമെന്ന് കരുതവേയാണ് 48ആം ഓവറിൽ ആഞ്ജലോ മാത്യൂസ് പന്തെറിയാനെത്തിയത്. 18 മാസങ്ങൾക്കു ശേഷം അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമെറിയുന്ന പന്തിൽ തന്നെ പൂരനെ പുറത്താക്കിയ മാത്യൂസ് ലങ്കയുടെ വിജയമുറപ്പിച്ചു. 103 പന്തുകളിൽ 118 റൺസെടുത്ത പൂരനെ വിക്കറ്റ് കീപ്പർ കുശാൽ പെരേര പിടികൂടി.

49ആം ഓവറിൽ ഒഷേൻ തോമസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മലിംഗ മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. 3 റൺസെടുത്ത ഷാനോൻ ഗബ്രിയേലും 7 റൺസെടുത്ത ഷെൽഡൻ കോട്രലും പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top