അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ് …

മഹാരാജസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയിട്ട് ഇന്ന് ഒരു വര്‍ഷം. 16 പ്രതികളുള്ള കേസില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം 2 പ്രതികളെ പോലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് തന്നെ കേസിന്റെ വിചാരണയും എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
കൃത്യം ഒരുവര്‍ഷം മുന്‍പാണ് മഹാരാജാസിനെയും കേരളത്തിനേയും കണ്ണീരിലാഴ്ത്തി അഭിമന്യു യാത്രയായത്. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് എസ്എഫ്‌ഐ നേതാവും കെമസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അഭിമന്യൂ കൊല്ലപ്പെടുകയായിരുന്നു.
നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്‌ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് മായ്ച്ച് കളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കേസില്‍ പതിനാറ് പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ രണ്ട് പേരെ ഇപ്പോഴും പിടി കൂടാന്‍ കഴിഞ്ഞിട്ടില്ല.
അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹല്‍, അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജ്ജുനെ കുത്തി പരിക്കേല്‍പ്പിച്ച ഷഹീബ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് ഗൂഡാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊവപാതകം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രം.
കേസില്‍ പത്ത് പേരെ പൊലീസ് പിടികൂടിയപ്പോള്‍ നാലു പേര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുള്ളത്. അതേ സമയം 14 പ്രതികളുടെ വിചാരണ നടപടികള്‍ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here