കസാക്കിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികളടക്കമുള്ള 150 ഇന്ത്യക്കാരെ ഹോട്ടലില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കസാക്കിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികളടക്കമുള്ള 150 ഇന്ത്യക്കാരെ ഹോട്ടലില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം തൊഴിലാളികള്‍ക്ക് ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ജോലി സ്ഥലത്തെത്താന്‍ വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കസാക്കിസ്ഥാന്‍ ഭരണകൂടവും അറിയിച്ചു.

ടെങ്കിസ് എണ്ണപ്പാടത്തെ സംഘര്‍ഷാവസ്ഥ പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് കസാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്തും വാസസ്ഥലത്തും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി പ്രദേശത്തെ സ്ഥിതിഗതികള്‍ കസാക്കിസ്ഥാന്‍ ഭരണകൂടവുമായി ചര്‍ച്ചചെയ്തു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുവാനുള്ള സൗകര്യവും ഉറപ്പാക്കിയതായും എംബസി അധികൃതര്‍ അറിയിച്ചു.

കസാകിസ്ഥാനിലെ തെങ്കിസ് എണ്ണപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ലബനന്‍ പൗരന്മാരും തദ്ദേശീയരുമാണ് തൊഴില്‍ മേഖലയില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായും പരുക്കേറ്റതായും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ സ്ഥിതിശാന്തമായ ടെങ്കിസ് എണ്ണപ്പാടത്ത് ഉടന്‍തന്നെ ജോലി പുനരാരംഭിക്കുമെന്ന് കസാക്ക് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top