മികച്ച തുടക്കം മുതലെടുക്കാനാവാതെ ഇന്ത്യ; ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലദേശിന് 315 റൺസ് വിജയലക്ഷ്യം. മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുക്കാനേ സാധിച്ചുള്ളൂ. 104 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 77 റൺസെടുത്ത ലോകേഷ് രാഹുലിനൊപ്പം ഋഷഭ് പന്ത്, എംഎസ് ധോണി എന്നിവരും ഇന്ത്യൻ ടോട്ടലിലേക്ക് നിർൺനായക സംഭാവൻ നൽകി. 5 വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാനാണ് ഇന്ത്യയെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഉജ്ജ്വലമായി തുടങ്ങി. ഇത്ര ദിവസവും ഇല്ലാതിരുന്ന ഒരു ഊർജ്ജം കാണിച്ച ഓപ്പണർമാർ വളരെ വേഗത്തിൽ സ്കോർ ചെയ്തു. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സറടിച്ചാണ് രോഹിത് തൻ്റെ ഇന്നിംഗ്സ് ആരംഭിച്ചത്. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ മുസ്തഫിസുറിൻ്റെ പന്തിൽ തമീം ഇഖ്ബാൽ രോഹിതിനെ നിലത്തിട്ടു. കിട്ടിയ ലൈഫ് നന്നായി ഉപയോഗിച്ച രോഹിത് വേഗത്തിൽ സ്കോറുയർത്തി. തുടക്കത്തിൽ പ്രതിരോധം സ്വീകരിച്ചുവെങ്കിലും പതിയെ രാഹുലും ആക്രമണ മൂഡിലേക്ക് മാറിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു.
45 പന്തുകളിൽ രോഹിതും 57 പന്തുകളും രാഹുലും അർദ്ധസെഞ്ചുറി കുറിച്ചു. ഇന്നിംഗ്സ് പുരോഗമിക്കും തോറും ആക്രമണോത്സുകത അധികരിപ്പിച്ച രോഹിത് 90 പന്തുകളിൽ സെഞ്ചുറി കുറിച്ചു. ഈ ലോകകപ്പിലെ രോഹിതിൻ്റെ നാലാം സെഞ്ചുറി ആയിരുന്നു ഇത്. തൊട്ടടുത്ത ഓവറിൽ സൗമ്യ സർക്കാരിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ രോഹിത് പുറത്തായതോടെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 92 പന്തുകളിൽ 104 റൺസെടുത്ത രോഹിതിനെ സൗമ്യ സർക്കാർ ലിറ്റൻ ദാസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. 30ആം ഓവറിൽ പുറത്താവുമ്പോൾ രാഹുലിനൊപ്പം ആദ്യ വിക്കറ്റിൽ 180 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ടും രോഹിത് പടുത്തുയർത്തി.
33ആം ഓവറിൽ രാഹുലും മടങ്ങി. 77 റൺസെടുത്ത രാഹുലിനെ റൂബൽ ഹുസൈൻ മുഷ്ഫിക്കർ റഹീമിൻ്റെ കൈകളിലെത്തിച്ചു. വിരാട് കോലി പതിവു പോലെ നന്നായി തുടങ്ങിയെങ്കിലും മുസ്തഫിസുറിനെ പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 39ആം ഓവറിൽ റൂബൽ പിടിച്ചാണ് കോലി പുറത്തായത്. ആ ഓവറിൽ തന്നെ ഹർദ്ദിക് പാണ്ഡ്യ (0)യും പുറത്തായി. ഹർദ്ദിക്കിനെ സൗമ്യ പിടികൂടി. ഒരുവശത്ത് തുടർച്ചയായ വിക്കറ്റുകൾ വീഴുമ്പോഴും നാലാം നമ്പറിലിറങ്ങിയ ഋഷഭ് പന്ത് ആക്രമണ ബാറ്റിംഗ് കാഴ്ച വെച്ചത് ഇന്ത്യക്ക് തുണയായി. അർദ്ധസെഞ്ചുറിക്ക് രണ്ട് റൺസകലെ വെച്ച് പന്ത് പുറത്തായി. പന്തിനെ ഷാക്കിബിൻ്റെ പന്തിൽ മൊസദ്ദക് ഹുസൈൻ പിടികൂടുകയായിർന്നു.
പിന്നീട് ദിനേഷ് കാർത്തിക് (8), ഭുവനേശ്വർ കുമാർ (2), മുഹമ്മദ് ഷമി (1) എന്നിവർ വേഗം പുറത്തായി. കാർത്തികിനെ മൊസദ്ദക് ഹുസൈൻ്റെ കൈകളിലെത്തിച്ച മുസ്തഫിസുർ ഷമിയെ ക്ലീൻ ബൗൾഡാക്കി. ഭുവനേശ്വർ കുമാർ റണ്ണൗട്ടാവുകയായിരുന്നു. അവസാന ഓവറിൽ പുറത്തായെങ്കിലും 35 റൺസെടുത്ത ധോണിയാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. ധോണിയെ മുസ്തഫിസുർ ഷാക്കിബിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ മത്സരത്തിൽ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here