ആലപ്പുഴയിലെ തോൽവി; നാല് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടണമെന്ന് അന്വേഷണ സമിതിയുടെ ശുപാർശ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിനുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് നാല് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടണമെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ ശുപാർശ. ചേർത്തല,വയലാർ,കായംകുളം നോർത്ത്, കായംകുളം സൗത്ത്  ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിലുള്ള ജംബോ കമ്മിറ്റികൾ കാര്യക്ഷമമല്ലെന്നും ഉടൻ തന്നെ പുന:സംഘടിപ്പിക്കണമെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. സംഘടനാ ദൗർബല്യമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നേതാക്കൾ തമ്മിൽ അഭിപ്രായ ഐക്യവും ഏകോപനവും ഇല്ലായിരുന്നുവെന്നും പറയുന്നു. ചേർത്തലയിലെ തിരിച്ചടി അവിശ്വസനീയമാണ്.

ചേർത്തലയിൽ സംഘടനാ സംവിധാനം വളരെ ദുർബലമായതാണ് കാരണം. മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ പര്യടനത്തിൽ ഏകോപനം ഇല്ലാതിരുന്നതിനാൽ പലയിടത്തും വിജയിപ്പിക്കാനായില്ല. സ്ഥാനാർത്ഥിക്ക് കൂടുതൽ ഇടങ്ങളിലേക്ക് നേരിട്ട് എത്തുന്നതിനും ജനങ്ങളെ കാണുന്നതിനും ഇതുമൂലം സാധിച്ചില്ല. ബൂത്തുകമ്മിറ്റികൾ പലതും നിർജ്ജീവമായിരുന്നു. നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാത്ത റിപ്പോർട്ടിൽ പരിമിതികൾക്കിടയിലും ഡിസിസി പ്രസിഡന്റ് ആത്മാർത്ഥമായ പ്രവർത്തനം കാഴ്ച വെച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ.വി തോമസ് അധ്യക്ഷനായും കെ.പി കുഞ്ഞിക്കണ്ണൻ, പി.സി വിഷ്ണുനാഥ് എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് ആലപ്പുഴയിലെ തോൽവിയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ഇന്ന് കെപിസിസി അധ്യക്ഷന് കൈമാറിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top