ആലപ്പുഴയിലെ പരാജയം; സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്നും നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി

ആലപ്പുഴയിലെ കോൺഗ്രസിന്റെ പരാജയത്തെപ്പറ്റി പഠിച്ച കോൺഗ്രസ് സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സുതാര്യമായും സത്യസന്ധമായുമാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പഠിച്ച ശേഷം വേണ്ട നടപടികൾ കൈക്കൊള്ളും. മറ്റു റിപ്പോർട്ടുകൾ പോലെയായിരിക്കില്ല ഈ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ നടപടികൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

Read Also; ആലപ്പുഴയിലെ തോൽവി; സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടതിനെപ്പറ്റി പഠിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗസമിതി ഇന്ന് കെപിസിസി അധ്യക്ഷന് റിപ്പോർട്ട് കൈമാറിയിരുന്നു. കെ.വി തോമസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ആലപ്പുഴയിൽ കോൺഗ്രസിന്റെ പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രചാരണ വേളയിൽ ഡിസിസി നേതൃത്വം പലപ്പോഴും സജീവമായിരുന്നില്ലെന്നും സ്ഥാനാർത്ഥി സ്വന്തം നിലയ്ക്കാണ് പലപ്പോഴും പ്രചാരണത്തിനിറങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്.കമ്മിറ്റികൾ നന്നായി പ്രവർത്തിച്ചില്ലെന്നും പലയിടത്തും ഉത്സാഹക്കുറവുണ്ടായെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top