ബാറ്റിംഗിലെ കേട് ബൗളിംഗിൽ തീർത്ത് പാണ്ഡ്യ; ബംഗ്ലാദേശ് തോൽവിയിലേക്ക്

ഇന്ത്യക്കെതിരെ ബംഗ്ലാദേശ് തോൽവിയിലേക്ക്. 315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് ആറു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റിട്ട ഹർദ്ദിക് പാണ്ഡ്യയാണ് ബംഗ്ലാ നിരയിൽ നാശം വിതച്ചത്. നാലു വിക്കറ്റുകൾ മാത്രം ശേഷിക്കെ ബംഗ്ലാദേശിന് 60 പന്തുകളിൽ 90 റൺസ് കൂടി എടുത്താൽ മത്രമേ വിജയിക്കാൻ സാധിക്കൂ.
315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് നന്നായിത്തന്നെ തുടങ്ങി. ബുംറയും ഭുവിയും ചേർന്ന ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർദ്ധമായി നേരിട്ടു. ആദ്യ വിക്കറ്റിൽ ബംഗ്ലാ ഓപ്പണർമാർ 39 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 10ആം ഓവറിൽ 22 റൺസെടുത്ത തമീം ഇഖ്ബാൽ പ്ലെയ്ഡ് ഓണായി.
തുടർന്ന് രണ്ടാം വിക്കറ്റിൽ ഷാക്കിബ്-സൗമ്യ സർക്കാർ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തു. 16ആം ഓവറിൽ സൗമ്യ സർക്കാരിനെ വിരാട് കോലിയുടെ കൈകളിലെത്തിച്ച ഹർദ്ദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 റൺസെടുത്താണ് സൗമ്യ സർക്കാർ പുറത്തായത്. തുടർന്ന് ഷാക്കിബിനൊപ്പം മുഷ്ഫിക്കർ റഹീം ഒത്തു ചേർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 47 റൺസ്. 23ആം ഓവറിലാണ് ഈ സഖ്യം വേർപിരിയുന്നത്. 24 റൺസെടുത്ത മുഷ്ഫിക്കറിനെ ചഹാലിൻ്റെ പന്തിൽ ഷമി പിടികൂടി.
തുടർന്നാണ് ലിറ്റൺ ദാസ് ഷാക്കിബിനൊപ്പം ചേരുന്നത്. ഇതിനിടെ 58 പന്തുകളിൽ ഷാക്കിബ് അർദ്ധസെഞ്ചുറി കുറിച്ചു. ലിറ്റൺ ദാസ്-ഷാക്കിബ് സഖ്യം നാലാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. 30ആം ഓവറിൽ ലിറ്റൺ ദാസിനെ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിച്ച പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 22 റൺസെടുത്താണ് ലിറ്റൺ പുറത്തായത്. 33ആം ഓവറിൽ മൊസദ്ദക് ഹുസൈൻ (3) ബുംറയുടെ പന്തിൽ പ്ലെയ്ഡ് ഓണായി. തൊട്ടടുത്ത ഓവറിൽ ഷാക്കിബ് അൽ ഹസനെ ഹർദ്ദിക് പാണ്ഡ്യ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് തകർന്നു. 66 റൺസെടുത്താണ് ഷാക്കിബ് പുറത്തായത്.
നിലവിൽ സബ്ബിർ റഹ്മാനും സൈഫുദ്ദീനും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 46 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. സബ്ബിർ 30 റൺസുമായും സൈഫുദ്ദീൻ 19 റൺസുമായും പുറത്താവാതെ നിൽക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here