അഭിമന്യു അനുസ്മരണം എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നു

എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു അനുസ്മരണം നടത്തി എസ്എഫ്‌ഐ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എംഎം മണി തുടങ്ങിയവര്‍ പങ്കെടുത്തു. അതേ സമയം ഇന്ന് നടക്കാനിരുന്ന അഭിമന്യു കൊലക്കേസ് വിചാരണ അടുത്ത മാസം 21 ലേയ്ക്ക് മാറ്റി.

മഹാരാജാസ് കോളേജ് ക്യാംപസില്‍ അഭിമന്യുവിനായി സ്മാരകം നിര്‍മ്മിച്ചു കൊണ്ടാണ് ഒന്നാം രക്തസാക്ഷിത്വ ദിനം എസ്എഫ്‌ഐ നേതൃത്വത്തില്‍ ആചരിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിയോടെയായിരുന്നു അനുസ്മരണ ചടങ്ങ്. അഭിമന്യുവിന്റെ മാതാപിതാക്കള്‍, കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ളവര്‍ അഭിമന്യുവിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങുകളുടെ ഭാഗമായി.

അതേസമയം അഭിമന്യു സ്മാരകം കോളേജ് ക്യാംപസിനുള്ളില്‍ സ്ഥാപിക്കുന്നതിനെതിരെ കെ എസ് യു രംഗത്തെത്തി. എന്നാല്‍ പ്രതിഷേധ സമരം നടത്തിയ കെ എസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ അഭിമന്യു കേസില്‍  ഒന്‍പതാം പ്രതി മാത്രമാണ് ഇന്ന് വിചാരണയ്ക്ക് ഹാജരായത്. മറ്റു പ്രതികള്‍ അവധിക്ക് അപേക്ഷ നല്‍കി. കേസുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച ദ്യശ്യങ്ങള്‍ നല്‍കാമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. കേസ് പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി അടുത്ത മാസം 21 ലേയ്ക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top