സഭ കൂട്ടായ്മയോടെ മുന്നോട്ടു പോകണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

സഭ കൂട്ടായ്മയോടെ മുന്നോട്ടു പോകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാംഗങ്ങൾ ആത്മസംയമനം പാലിക്കണം. സഭയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സഭാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യവേയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ മുൻനിർത്തി കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഐക്യ ആഹ്വാനം നൽകിയത്. സഭയുടെ കൂട്ടായ്മയ്ക്ക് നിരക്കാത്തവ ഒഴിവാക്കാനുള്ള ആത്മസംയമനം സംഭാംഗങ്ങൾ പ്രകടിപ്പിക്കണം. സഭയിലെ പ്രത്യേക സാഹചര്യത്തിൽ ഈ ആത്മസംയമനം അനിവാര്യമാണ്.

എന്നാൽ വൈദികരുടെ വിമതനീക്കങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ മാർ ആലഞ്ചേരി തയ്യാറായില്ല. അതേസമയം പരസ്യപ്രതിഷേധമുയർത്തിയതിന് പിന്നാലെ
എറണാകുളംഅങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രതിഷേധം എത്തിക്കാനാണ് വിമത പക്ഷം വൈദികരുടെ നീക്കം. അടുത്ത ഞായറാഴ്ച്ച കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പ്രമേയം ഇടവകകളിൽ അവതരിപ്പിക്കാൻ വിമതപക്ഷത്തുള്ള വൈദികർ തീരുമാനിച്ചിരുന്നു. അതിരൂപതാ സംരക്ഷണ സമിതിയെന്ന പേരിൽ ഇതിനകം കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഒരു ഇടവകയിൽ നിന്ന് രണ്ട് പേരെയെങ്കിലും അണിനിരത്തി സമിതി വിപുലീകരിക്കാനാണ് ശ്രമം. കൂട്ടായ്മക്കായി പണം സ്വരൂപിക്കാൻ പുതിയ ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. അതിരൂപതയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക. സഹായമെത്രാന്മാരുടെ സസ്‌പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള വൈദികരുടെ പ്രമേയം സഭാ സിനഡിന് കൈമാറിയിട്ടുണ്ട്. വൈദികർ അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് കാട്ടി പൗരസ്ത്യ തിരുംഘത്തിന് സഭാ നേതൃത്വം റിപ്പോർട്ട് നൽകും. അടുത്ത മാസമാണ് ഇനി സഭാ സിനഡ് ചേരുന്നത്. സിനഡിന് മുന്നോടിയായി സഭാ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് കർദ്ദിനാൾ വിരുദ്ധ ചേരിയിലെ വൈദികരുടെ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top