തുണയായി മൂന്ന് അർദ്ധസെഞ്ചുറികൾ; വിൻഡീസിന് മികച്ച സ്കോർ

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് വിൻഡീസ് നേടിയത്. എവിൻ ലൂയിസ്, ഷായ് ഹോപ്പ്, നിക്കോളാസ് പൂരൻ എന്നിവർ നേടിയ അർദ്ധസെഞ്ചുറികളാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് ആറാം ഓവറിൽ തന്നെ ക്രിസ് ഗെയിലിനെ നഷ്ടമായി. 7 റൺസെടുത്ത ഗെയിലിനെ ദൗലത് സദ്രാൻ ഇക്രം അലിയുടെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ എവിൻ ലൂയിസ്-ഷായ് ഹോപ്പ് സഖ്യം 88 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത ലൂയിസിനെ നബിയുടെ കൈകളിലെത്തിച്ച റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാം വിക്കറ്റിൽ ഹോപ്പിനൊപ്പം ചേർന്ന ഹെട്‌മെയർ ടി-20 ശൈലിയിൽ ബാറ്റ് വീശി. 39 റൺസെടുത്ത ഹെട്‌മയറെ നൂർ അലി സദ്രാൻ പിടിച്ചു പുറത്താക്കി. ദൗലത് സദ്രാനായിരുന്നു വിക്കറ്റ്. 35ആം ഓവറിൽ പുറത്താവുമ്പോൾ ഹെട്മെയർ ഹോപ്പുമൊത്ത് 65 റൺസ് കൂട്ടുകെട്ടിൽ പങ്കാളിയായിരുന്നു. 38ആം ഓവറിൽ മുഹമ്മദ് നബിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് ഷായ് ഹോപ്പ് മടങ്ങി. 77 റൺസെടുത്ത ഹോപ്പിനെ റാഷിദ് ഖാൻ പിടിച്ചു പുറത്താക്കുകയായിരുന്നു.
അഞ്ചാം വിക്കറ്റിൽ ക്രീസിലൊത്തു ചേർന്ന ജേസൻ ഹോൾഡർ-നിക്കോളാസ് പൂരൻ സഖ്യം 105 റൺസാണ് കൂട്ടിച്ചേർത്തത്. സയിദ് ഷിർസാദ് എറിഞ്ഞ അവസാന ഓവറിലാണ് ഇരുവരും പുറത്തായത്. 58 റൺസെടുത്ത പൂരൻ റണ്ണൗട്ടായപ്പോൾ ഹോൾഡർ ദൗലത് സദ്രാൻ്റെ കൈകളിൽ അവസാനിച്ചു. അവസാന മൂന്നു പന്തിൽ നിന്ന് 14 റൺസടിച്ച കാർലോസ് ബ്രാത്‌വെയ്റ്റാണ് വിൻഡീസ് ടോട്ടൽ 300 കടത്തിയത്.