ജപ്പാനില്‍ കനത്ത മഴ ഭീതി വിതക്കുന്നു; ലക്ഷക്കണക്കിന് ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

ജപ്പാനില്‍ കനത്ത മഴ ഭീതി വിതക്കുന്നു. ലക്ഷക്കണക്കിന് ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബേ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ജപ്പാനിലെ മൂന്ന് പ്രധാനനഗരങ്ങളില്‍ നിന്നും 8 ലക്ഷത്തോളം ആളുകളോട് എത്രയും പെട്ടെന്ന് ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഗോഷിമ, കിരിഷിമ, ഐറ എന്നീ നഗരങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങള്‍ തേടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ 1000 മില്ലിമീറ്റര്‍ മഴ തെക്കന്‍ കിയോഷുവില്‍ മാത്രം ലഭിച്ചു എന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്. മഴ ഇനിയും കൂടുമെന്നും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുമെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയതായി പ്രധാനമന്ത്രി ഷിന്‍സോ ആബേ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരുനൂറിലേറേ പേര്‍ മരിച്ചിരുന്നു. സുരക്ഷാ നടപടികളിലെ വീഴ്ചയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top