രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ നിര്‍മ്മല സീതാരാമന്‍ സഭയില്‍ അവതരിപ്പിക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബജറ്റിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിന്ന് കൂടുതലായി പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയില്‍ മുന്നേറുകയാണെന്നാണ് സാമ്പത്തിക സര്‍വയിലെ വിലയിരുത്തല്‍. 2022ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് ഒന്നാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ദിരാ ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന്‍ കാത്തുവച്ചിരിക്കുന്നത് എന്തെന്ന് നാളെ അറിയാം.

സമ്പദ്‌വ്യവസ്ഥക്ക് പുതിയ ദിശാബോധം നല്‍കാന്‍ കേന്ദ്ര ബജറ്റിന് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഗണ്യമായ മൂലധന നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. ആഭ്യന്തര വ്യാപാരത്തിന് ഇളവുകള്‍, കര്‍ഷക്ഷേമ പദ്ധതികള്‍ എന്നിവയും പ്രതീക്ഷിക്കുന്നു. ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളും പ്രഖ്യാപിച്ചേക്കും. അധിക വിഭവ സമാഹരണം കേന്ദ്രത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. നികുതി ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top