നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ സാബുവിനെ റിമാൻഡ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ സാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയാൽ എസ്.ഐയെ ദേവികുളം സബ്ജയിലിലേക്ക് മാറ്റും. ഇന്നലെ അറസ്റ്റിനിടെ കുഴഞ്ഞു വീണതിന് തുടർന്നാണ് സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിൽ സാബുവിനൊപ്പം ഇന്നലെ അറസ്റ്റിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിയെ ഇന്നലെ വൈകീട്ട് തന്നെ റിമാൻഡ് ചെയ്തിരുന്നു.
റിമാൻഡിലായ സജീവ് ആന്റണി നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി.പീരുമേട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ കെ.എ സാബുവും സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിയും ഉൾപ്പെടെയുള്ള പ്രതികൾ ക്രൂരമായി മർദ്ദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ ഇരുവരെയും അറസ്റ്റു ചെയ്തത്.
കൊലക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കൊലപാതകക്കേസിലെ ഒന്നും നാലും പ്രതികളാണ് ഇവർ. കേസിലെ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം. ഈ പൊലീസുകാർ ഒളിവിൽപ്പോയതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here