നെടുങ്കണ്ടം കസ്റ്റഡിമരണം; ഇടുക്കി എസ്.പി യെ ഉടൻ മാറ്റിയേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ ഉടൻ തന്നെ ചുമതലകളിൽ നിന്ന് നീക്കിയേക്കും. പകരം ദേബേഷ് കുമാർ ബെഹ്‌റയെ ഇടുക്കി എസ്പിയായി നിയമിക്കുമെന്നാണ് സൂചന. കെ.ബി വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ വേണുഗോപാലിന് പകരം പുതിയ ചുമതലകളൊന്നും നൽകില്ലെന്നാണ് വിവരം. നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ എസ്പിയുടെ ഇടപെടൽ ഉണ്ടായെന്നും എസ്പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പിക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. കസ്റ്റഡിമരണ കേസിൽ പ്രതികളായ എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ സാബു, സിവിൽ പൊലീസ് ഓഫീസർ സജിമോൻ ആന്റണി എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നും നാലും പ്രതികളാണ് ഇവർ. അറസ്റ്റിനെ തുടർന്ന് കുഴഞ്ഞ് വീണ എസ്.ഐ കെ.എ സാബു ആശുപത്രിയിൽ ചികിത്സയിലാണ്. സിവിൽ പൊലീസ് ഓഫീസർ സജിമോൻ ആന്റണിയെ ഇന്നലെ റിമാൻഡ് ചെയ്തു. കസ്റ്റഡിമരണക്കേസിൽ ആകെ നാല് പ്രതികളാണ്. രണ്ടും മൂന്നും പ്രതികളായ പൊലീസുകാർ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here