92 ആവർത്തനങ്ങൾക്കു വിട; പാക്കിസ്ഥാന് മടങ്ങാം

പാക്കിസ്ഥാനും ഇക്കൊല്ലത്തെ 92 ലോകകപ്പ് ആവർത്തനങ്ങളുമായിരുന്നു എല്ലായിടത്തും ചർച്ച. 92ലാണ് പാക്കിസ്ഥാൻ ലോകകപ്പ് നേടിയത്. അന്ന്, ഗ്രൂപ്പ് മത്സരങ്ങളിൽ ആദ്യത്തെ ചില മോശം റിസൽട്ടുകൾക്കു ശേഷം പൂർവ്വാധികം ശക്തിയോടെ തിരികെ വന്ന പാക്കിസ്ഥാൻ തുടർച്ചയായ മത്സരങ്ങളിൽ വിജയിച്ചാണ് അക്കൊല്ലം കപ്പടിച്ചത്. ഈ വർഷവും ഏറെക്കുറെ അങ്ങനെയായിരുന്നു പാക്കിസ്ഥാൻ തുടങ്ങിയത്. എന്നാൽ ഇക്കൊല്ലം 92 ആവർത്തിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇന്നലത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെ പാക്കിസ്ഥാൻ്റെ സെമിഫൈനൽ പ്രവേശനം ഏറെക്കുറെ അസാധ്യമായി. നാലാം സെമി സ്ലോട്ട് ന്യൂസിലൻഡ് ഉറപ്പിച്ചു. പാക്കിസ്ഥാന് ഇനി ബംഗ്ലാദേശുമായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും മത്സരഫലം സെമി സ്ലോട്ടിൽ വലിയ വ്യത്യാസമുണ്ടാക്കില്ല. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്താൽ സാധ്യത പോലുമില്ലാതെ പാക്കിസ്ഥാൻ പുറത്താവും. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്താൽ 350 എടുത്തിട്ട് ബംഗ്ലാദേശിനെ 311ന് തോല്പിക്കണം. 400 എടുത്താൽ 316നും 450 എടുത്താൽ 321 റൺസിനും ജയിച്ചാൽ മാത്രമേ പാക്കിസ്ഥാൻ സെമിയിൽ പ്രവേശിക്കൂ. കടുത്ത പാക്കിസ്ഥാൻ ആരാധകർ പോലും ഈ സാധ്യതകൾക്ക് വില കല്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു 92 ആവർത്തിക്കില്ലെന്നത് ഉറപ്പായി.

നേരത്തെ 1992ഉം 2019ഉം തമ്മിലുള്ള ആദ്യത്തെ ബന്ധം റൗണ്ട് റോബിൻ മാതൃകയിലുള്ള ഗ്രൂപ്പ് പോരാട്ടങ്ങളായിരുന്നു. 1992നു ശേഷം റൗണ്ട് റോബിൻ പോരാട്ടങ്ങൾ ഈ ടൂർണമെൻ്റിലാണ് ഐസിസി പരീക്ഷിക്കുന്നത്. 92ലെ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ പാക്കിസ്ഥാൻ ജയിച്ചത് വെറും ഒരു മത്സരമായിരുന്നു. ഒന്ന് മഴ കൊണ്ടു പോയി. ബാക്കി മൂന്നിലും തോൽവി. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് പാക്കിസ്ഥാൻ സെമി കളിച്ചത്.

ഇനി ഈ വർഷം പരിശോധിച്ചാൽ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം. ഒന്ന് മഴ മുടക്കി. ബാക്കി മൂന്നിലും തോൽവി. രണ്ട് തവണയും ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു. രണ്ടും തോറ്റു. ഇന്ത്യക്കെതിരെയും ഇടക്കൊരു മത്സരമുണ്ടായിരുന്നു. അതും തോറ്റു.

92ൽ ഗ്രൂപ്പ് മത്സരങ്ങളിൽ അവസാനത്തെ മൂന്ന് മത്സരവും പാക്കിസ്ഥാൻ ജയിച്ചിരുന്നു. ഇക്കൊല്ലം മൂന്ന് മത്സരങ്ങൾ ജയിച്ചു കഴിഞ്ഞു. ഇനി ഒരു മത്സരം കൂടിയുണ്ട്. ആ മത്സരം ജയിച്ചാലും പെട്ടി പാക്ക് ചെയ്ത് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണമെന്നു മാത്രം.

ഇനി മറ്റൊരു ആവർത്തനമുണ്ട്. 92നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിഫൈനലിൽ എത്തുന്നത്. ആ വർഷം ഒരു ഏഷ്യൻ ടീമാണ് (പാക്കിസ്ഥൻ) ചാമ്പ്യന്മാരായത്. ഇക്കൊല്ലം അവസാന നാലിൽ ഒരേയൊരു ഏഷ്യൻ ടീമേയുള്ളൂ, ഇന്ത്യ!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top