ഒടുവില്‍ നഗരസഭ കീഴടങ്ങി; സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കിയേക്കും

ഒടുവില്‍ നഗരസഭ കീഴടങ്ങി. പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ കൗണ്‍സില്‍ യോഗം നാളെ അനുമതി നല്‍കിയേക്കും. ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിലെ പോരായ്മകള്‍ ഏറെക്കുറെ പരിഹരിച്ചു. ഓഡിറ്റോറിയത്തിന്റെ റാംപ് പുതുക്കിപ്പണിതു.
കൂടുതല്‍ ടോയ്‌ലറ്റുകളും നിര്‍മ്മിച്ചു. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. പുതുതായി ചുമതലയേറ്റ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം പുതുക്കിയ പ്ലാന്‍ അടുത്ത ദിവസം സമര്‍പ്പിക്കും. സെക്രട്ടറി വീണ്ടും പരിശോധിച്ച ശേഷമായിരിക്കും അനുമതി നല്‍കുക.
അതേ സമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകുകയാണ്. ഉദ്യോഗസ്ഥരുടെ മൊഴികള്‍ രേഖപ്പെടുത്തിയെങ്കിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
പികെ ശ്യാമളയെ രക്ഷിക്കാനായി പൊലീസ് ബോധപൂര്‍വ്വം അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് നാളെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ സംഘടിപ്പിക്കുന്നുണ്ട്. സാജന്റെ മരണത്തിന് ശേഷം ആദ്യമായി ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം നാളെ ചേരും.