Advertisement

ഇനി ബ്രാവോ പാഡുണ്ടാക്കും; ക്രിക്കറ്റ് പാഡല്ല, സാനിട്ടറി പാഡ്: ആർത്തവ ശുചിത്വ ബോധവത്കരണത്തിനൊരുങ്ങി വിൻഡീസ് ഓൾറൗണ്ടർ

July 5, 2019
Google News 1 minute Read

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ സാനിട്ടറി പാഡ് നിർമ്മാണം പഠിച്ചു. തൻ്റെ നാടായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ ബോധവത്കരണത്തിൻ്റെ ഭാഗമായാണ് ബ്രാവോ പാഡ് നിർമ്മാണം പഠിച്ചത്. പാഡ്മാന്‍ എന്നറിയപ്പെടുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ അടുത്തെത്തിയായിരുന്നു പഠനം. മുരുകാനന്ദത്തെ കാണാന്‍ ബ്രാവോ ട്രിനിഡാഡില്‍നിന്ന് നേരിട്ടെത്തുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിലെ ട്രിനിഡാഡില്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവകാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ സാമൂഹികപ്രവര്‍ത്തകര്‍ ബ്രാവോയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സാനിറ്ററി നാപ്കിനുകള്‍ ചെലവേറിയതായതിനാല്‍ ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വരാത്തതും പലരും പഠിത്തം നിര്‍ത്തുന്നതും അവിടെ സാധാരണമാണ്. തുടർന്നാണ് ബോധവത്കരണത്തെപ്പറ്റി ബ്രാവോ ചിന്തിച്ചത്. ഓസ്കാർ നേടിയ ‘പീരിയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന മുരുകാനന്ദൻ്റെ ജീവിതം പറയുന്ന ഹ്രസ്വചിത്രം കണ്ട ബ്രാവോ അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചറിഞ്ഞു.

തുടർന്ന് തന്റെ നാട്ടിലും ചെലവുകുറഞ്ഞ സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റുകള്‍ സാധ്യമാവുമോ എന്നന്വേഷിച്ച് ബ്രാവോ കോയമ്പത്തൂരിലെത്തി. രണ്ടുമണിക്കൂറോളം ഫാക്ടറിയില്‍ ചെലവിട്ടു. പരീക്ഷണാര്‍ഥം രണ്ട് സാനിറ്ററി നാപ്കിനുകള്‍ യന്ത്രമുപയോഗിച്ച് സ്വന്തമായി നിര്‍മിച്ചു. യന്ത്രങ്ങള്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ എത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഒരു യന്ത്രം ഉടനെ അയക്കുമെന്ന് മുരുകാനന്ദം പറഞ്ഞു. ബ്രാവോയുടെ നേതൃത്വത്തിലുള്ള സംഘടനയിലൂടെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നാപ്കിന്‍ നിര്‍മാണയന്ത്രങ്ങള്‍ നല്‍കാനാണ് പദ്ധതി. ഇതോടെ, മുരുകാനന്ദത്തിന്റെ പാഡ് നിര്‍മാണ യന്ത്രം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ എണ്ണം 27 ആകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here