ഇമാമുൽ ഹഖിനു സെഞ്ചുറി; പാക്കിസ്ഥാന് മികച്ച സ്കോർ: ബംഗ്ലാദേശിനെ ഏഴ് റൺസിന് പുറത്താക്കിയാൽ സെമി

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് പാക്കിസ്ഥാൻ സ്കോർ ചെയ്തത്. ഇമാമുൽ ഹഖിൻ്റെയും ബാബർ അസമിൻ്റെയും മികച്ച ഇന്നിംഗ്സുകളാണ് പാക്കിസ്ഥാന് ഊർജ്ജമായത്. ഇന്നിംഗ്സിൻ്റെ അവസാനത്തിൽ ഇമാദ് വാസിം നടത്തിയ കൂറ്റനടികളും പാക്കിസ്ഥാൻ ഇന്നിംഗ്സിനെ സഹായിച്ചു. 100 റൺസെടുത്ത ഇമാമുൽ ഹഖാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. ബാബർ അസം 96 റൺസെടുത്ത് പുറത്തായി. മുസ്തഫിസുർ റഹ്മാൻ ബംഗ്ലാദേശിനു വേണ്ടി അഞ്ച് വിക്കറ്റെടുത്തു.
സെമി ഫൈനൽ പ്രവേശനത്തിന് കൂറ്റൻ സ്കോർ ആവശ്യമായിരുന്ന പാക്കിസ്ഥാൻ ആ ചിന്ത ഇല്ലാത്തതു പോലെയാണ് തുടങ്ങിയത്. എട്ടാം ഓവറിൽ ആദ്യ വിക്ക വീഴുമ്പോൾ 23 റൺസ് മാത്രമായിരുന്നു പാക്കിസ്ഥാൻ്റെ സ്കോർ. 13 റൺസെടുത്ത ഫഖർ സമാനെ സൈഫുദ്ദീൻ്റെ പന്തിൽ മെഹദി ഹസൻ പിടികൂടി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഇമാമുൽ ഹഖ്-ബാബർ അസം കൂട്ടുകെട്ട് മികച്ച നിലയിൽ മുന്നേറി. എങ്കിലും കൂറ്റൻ സ്കോറിലേക്കുള്ള ശ്രമം ഇരുവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. രണ്ടം വിക്കറ്റിൽ ഇരുവരും ചേർന്ന് 157 റൺസ് കൂട്ടിച്ചേർത്തു. 32ആം ഓവറിൽ ബാബർ അസമിനെ പുറത്താക്കിയ സൈഫുദ്ദീൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 96 റൺസെടുത്ത അസം വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഹഫീസ്-ഇമാം കൂട്ടുകെട്ട് 66 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചുറിയടിച്ചതിനു തൊട്ട് പിന്നാലെ മുസ്തഫിസുർ എറിഞ്ഞ 42ആം ഓവറിൽ ഇമാമുൽ ഹഖ് ഹിറ്റ്‌വിക്കറ്റായത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. 100 റൺസ് എടുത്താണ് ഇമാം പുറത്തായത്. തൊട്ടടുത്ത ഓവറിൽ 27 റൺസെടുത്ത മുഹമ്മദ് ഹഫീസും പുറത്തായി. ഹഫീസിനെ മെഹദി ഹസൻ്റെ പന്തിൽ ഷാക്കിബ് അൽ ഹസൻ പിടികൂടുകയായിരുന്നു. അടുത്ത ഓവറിൽ ഹാരിസ് സൊഹൈലിനെ (6) മുസ്തഫിസുർ സൗമ്യ സർക്കാരിൻ്റെ കൈകളിൽ എത്തിച്ചു. പിന്നാലെ, പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് (3) റിട്ടയർഡ് ഹർട്ടായി മടങ്ങി. സൈഫുദ്ദീൻ്റെ പന്ത് കയ്യിലിടിച്ചതാണ് സർഫറാസിന് വിനയായത്.
വഹാബ് റിയാസ് (2), ഷദബ് ഖാൻ (1) എന്നിവർ വേഗം പുറത്തായി. വഹാബിനെ സൈഫുദ്ദീൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഷദബ് ഖാനെ മുസ്തഫിസുർ സ്വന്തം ബൗളിംഗിൽ പിടികൂടി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഇമാദ് വാസിം മുസ്തഫിസുർ എറിഞ്ഞ അവസാന ഓവറിൽ മഹ്മൂദുല്ലയ്ക്ക് ക്യാച്ച് സമ്മാനിച്ചു മടങ്ങി. 43 റൺസെടുത്താണ് ഇമാദ് മടങ്ങിയത്. തൊട്ടടുത്ത പന്തിൽ മുഹമ്മദ് ആമിറിനെ (8) മുഷ്ഫിക്കറിൻ്റെ കൈകളിലെത്തിച്ച മുസ്തഫിസുർ തുടർച്ചയായ രണ്ടാം തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി.
അതേ സമയം, ബംഗ്ലാദേശിനെ ഏഴ് റൺസിന് ഓൾ ഔട്ടാക്കിയാൽ മാത്രമേ പാക്കിസ്ഥാന് സെമി കളിക്കാൻ സാധിക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here