നാട്ടില്‍ കുറഞ്ഞ നിരക്കില്‍ ഉംറ പാക്കേജുകള്‍ ഓഫര്‍ ചെയ്യുന്ന ട്രാവല്‍ ഏജന്‍സികളെ കരുതിയിരിക്കണം; മുന്നറിയിപ്പ് നൽകി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

നാട്ടില്‍ കുറഞ്ഞ നിരക്കില്‍ ഉംറ പാക്കേജുകള്‍ ഓഫര്‍ ചെയ്യുന്ന ട്രാവല്‍ ഏജന്‍സികളെ കരുതിയിരിക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍. തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതിനു ശേഷം മുങ്ങിയ ഒരു ട്രാവല്‍ എജന്‍സിക്കെതിരെ നടപടി സ്വീകരിക്കാന്‍ എംബസി സംസ്ഥാന സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു.

കുറഞ്ഞ നിരക്കിലുള്ള ഉംറ പാക്കേജുകളില്‍ ആകൃഷ്ടരായി സൗദിയില്‍ എത്തിയ പല തീര്‍ഥാടകരും കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സൗദിയിലെ ഇന്ത്യന്‍ അംബാസഡറുടെ മുന്നറിയിപ്പ്. വളരെ കുറഞ്ഞ പാക്കേജ് നിരക്ക് മാത്രം നോക്കി ഉംറക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് ഏജന്‍സിയെ കുറിച്ചും, സേവനങ്ങളെ കുറിച്ചും വിശദമായി പഠിക്കണമെന്ന് ഔസാഫ് സഈദ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. പണം ഈടാക്കിയതിനു ശേഷം തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയാല്‍ ട്രാവല്‍ ഏജന്‍സി മുങ്ങിയ പല സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. വഞ്ചിക്കപ്പെട്ട തീര്‍ഥാടകര്‍ സൗദിയില്‍ നിത്യ ചിലവിനും നാട്ടിലേക്കുള്ള മടക്ക ടിക്കറ്റിനും പ്രയാസപ്പെടുന്നു. ഇത്തരം കേസില്‍ പെട്ട കര്‍ണാടകയിലെ ഒരു ട്രാവല്‍ എജന്സിക്കെതിരെ നടപടി സ്വീകരിക്കാന്‍ എംബസി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അംബാസഡര്‍ പറഞ്ഞു.

മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ഏജന്‍സി വഴി സൌദിയിലെത്തിയ എണ്‍പത്തിനാല് ഉംറ തീര്‍ഥാടകരും സമീപകാലത്ത് ഇങ്ങിനെ കുടുങ്ങിയിരുന്നു. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top