നരക യാതനയുമായി ആരും തിരിഞ്ഞു നോക്കാനില്ലാതെ വയോധിക…

നമ്മുടെപുറം കാഴ്ചകള്‍ക്കും അപ്പുറം ചില ജീവിതങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് മരണത്തേക്കാള്‍ വലിയ വേദനയും സങ്കടങ്ങളും നമുക്ക് കാട്ടിത്തരുന്നവയാകും. അത്തരം ഒരു ജീവിതമാണ് ചേര്‍ത്തലയിലെ 73 കാരി പ്രഭാവതി അമ്മയുടേത്. പുഴുവരിച്ചു നരക യാതനയുമായി ആരും തിരിഞ്ഞു നോക്കാനില്ലാതെ കഴിയുകയാണ് ഈ വയോധിക.
ഇത് ഏതെങ്കിലും ഒരു സിനിമയിലെ കഥാ പശ്ചാത്തലമല്ല. പച്ചയായ ജീവിതമാണ്. ചേര്‍ത്തല പുത്തനമ്പലത്തിനടുത്ത് മാപ്പിളക്കുളം എന്ന സ്ഥലത്താണ് പ്രഭാവതി അമ്മയുടെ തൊഴുത്തിന് സമാനമായ ഈ കൂര. തേക്കാത്ത രണ്ടു മുറി വീട്ടിലേക്കു മൂക്ക് പൊത്തിയേ ആര്‍ക്കും കയറാന്‍ പറ്റു.
https://www.youtube.com/watch?v=FXDyf7IRq08
ഒരു കട്ടിലും കുറെ പഴന്തുണികളും അഴുക്കുള്ള പാത്രങ്ങളുമെല്ലാം ഉള്ള ഈ മുറിയില്‍ തന്നെയാണ് പ്രഭാവതി അമ്മയുടെ കിടപ്പും മല മൂത്ര വിസര്‍ജ്ജനവും എല്ലാം. പുഴുവരിക്കുന്ന കാലിലെ വ്രണവുമായി പര സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോകുമാവാതെ വൃത്തിഹീനമായ സ്ഥലത്തു ജീവിതം തള്ളി നീക്കുകയാണ് ഈ അമ്മ.
വിവാഹം കഴിച്ചിട്ടില്ലാത്ത പ്രഭാവതി അമ്മയുടെ സഹോദരങ്ങളടക്കം തൊട്ടടുത്താണ് താമസിക്കുന്നത് .എന്നാല്‍ എപ്പോഴെങ്കിലും ഈ മുറിയിലേക്ക് തള്ളുന്ന ഭക്ഷണം മാത്രമാണ് അവര്‍ നല്‍കുന്ന സഹായം. സ്വയം എഴുന്നേറ്റ് നടക്കാനാകാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ ആ മുറിയിലെ പാത്രങ്ങളില്‍ തന്നെ,കുളിച്ചിട്ട് മാസങ്ങളായെന്ന് പ്രഭാവതി അമ്മ തന്നെ പറയുന്നു.
ഇടയ്ക്ക് വന്നു പോകുന്ന ഹെല്‍ത്ത് ജീവനക്കാര്‍ നല്‍കുന്ന മരുന്ന് മാത്രമാണ് പേരിനുള്ള ചികിത്സ. മരുന്നു നല്‍കുന്നതല്ലാതെ അനാരോഗ്യമായ ഈ ചുറ്റുപാടില്‍ നിന്ന് ഇവരെ മുക്തമാക്കാനുള്ള നടപടികള്‍ ഒന്നും പഞ്ചായത്തോ ആരോഗ്യ രംഗത്തുള്ളവരോ സ്വീകരിച്ചിട്ടില്ല.
ഉണ്ടായിരുന്ന ഈ പത്തു സന്റ് സ്ഥലവും വീടും 2 ലക്ഷം രൂപയ്ക്കു സഹോദരന്റെ മകന് കൊടുത്തു. എന്നാല്‍ കിട്ടിയത് ഒരു ലക്ഷം മാത്രമാണ്. ഇത് തൊട്ടടുത്ത ക്ഷേത്രത്തിനു സംഭാവനയും കൊടുത്തു. കിടപ്പാടമോ സ്വത്തോ പണമോ ഇല്ലാതെ മാറാ വ്യാധികള്‍ മാത്രം കൂട്ടിനുള്ള പ്രഭാവതി അമ്മ മരണം ഒരു അനുഗ്രഹമായാണ് കാണുന്നത്. കരുണ വറ്റിപ്പോയ സമൂഹത്തോട് പ്രതിഷേധം പോലുമില്ലാത്ത ഈ സാധു ഒരു ഓര്‍മ്മപ്പെടുത്തലാണ്. നാളെ നമ്മള്‍ ഓരോരുത്തരെയും കാത്തിരിക്കുന്നത് ഒരു പക്ഷെ ഇങ്ങനെയൊരു വിധിയാവാമെന്ന മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here