മാർ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമത വൈദികർ; വത്തിക്കാൻ സ്ഥാനപതിക്കും മാർപാപ്പക്കും പരാതി നൽകും

എറണാകുളം അങ്കമാലി അതിരൂപതയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി വിമത വൈദികർ. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും മാർപാപ്പയ്ക്കും പരാതികൾ സമാഹരിച്ച് അയക്കും. കർദിനാളിനെതിരെ നാളെ അൽമായ സംഗമവും സംഘടിപ്പിക്കും.
പരാമാവധി വിശ്വാസികളെ രംഗത്തിറക്കി പ്രതിഷേധം കടുപ്പിക്കാനാണ് വിമത വൈദികരുടെ നീക്കം. ഭരണചുമതലയിലേക്കുള്ള കർദിനാളിന്റെ തിരിച്ച് വരവും, സഹായമെത്രാന്മാർക്കെതിരായ അച്ചടക്ക നടപടിക്കും പിന്നാലെ വിപുലമായ പ്രതിഷേധ പരിപാടികളാണ് വിമത വിഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെ അൽമായ സംഗമം വിളിച്ചിട്ടുണ്ട്. ഒരിടവകയിൽ നിന്ന് രണ്ട് പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും മാർപാപ്പയ്ക്കും പരാതി അയക്കാനും വിമത വിഭാഗം തീരുമാനിച്ചു. എല്ലാ ഇടവകകളിൽ നിന്നും ഒപ്പ് ശേഖരണം നടത്തിയാണ് പരാതി അയക്കുക. പരമാവധി പള്ളികളിൽ നാളെ കർദിനാളിനെതിരായ പ്രമേയം അവതരിപ്പിക്കാനും ശ്രമമുണ്ട്.
അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക, സഹായമെത്രാന്മാരെ പുറത്താക്കിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ വൈദികർ ഉറച്ച് നിൽക്കുകയാണ്. അച്ചടക്ക നടപടിയെ സംഘടിതമായി പ്രതിരോധിക്കാനാണ് വൈദികരുടെ ശ്രമം. സമ്മർദ ശ്രമങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് വൈദികരുടെ തീരുമാനം. പ്രമേയം പള്ളികളിൽ വായിക്കുന്നത് തടയാൻ ഫൊറോനാ വികാരിമാർക്ക് സഭാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രമേയം പള്ളികളിൽ വായിച്ചാൽ വത്തിക്കാന് റിപ്പോർട്ട് നൽകാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. അതേസമയം വിമത വൈദികർ നിസഹകരണം തുടരുന്നതിനാൽ അതിരൂപതയിൽ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അടുത്ത മാസം ചേരുന്ന സമ്പൂർണ സിനഡിലാകും എറണാകുളം-അങ്കമാലി അതിരൂപതയിലെ തർക്കങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഇതിന് മുന്നോടിയായി സമ്മർദ്ദ ശ്രമങ്ങൾ സജീവമായി നിലനിർത്തുകയായാണ് വിമത വൈദികർ ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here