കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സഖ്യസർക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കോൺഗ്രസും ജെ.ഡി.എസും. കോൺഗ്രസ് എം.എൽ.എ മഹേന്ദ്ര സിംഗി, വിമത എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി കൂടിക്കാഴ്ച നടത്തി. അതേസമയം, സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് ബിജെപി ആക്കംകൂട്ടി.
ബംഗളൂരുവിലുള്ള വിമത എം.എൽ.എമാരുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ചർച്ച നടത്തി. മന്ത്രിസ്ഥാനം ലഭിച്ചാൽ മടങ്ങിയെത്താമെന്ന് വിമത എം.എൽ.എ രാമലിംഗ റെഡ്ഡി മല്ലികാർജുൻ ഖാർഗെയെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സഖ്യസർക്കാരിനെ നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മുഖ്യമന്ത്രിയാകാനില്ലെന്നും ഖാർഗെ വ്യക്തമാക്കി.
മുംബൈയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന വിമത എം.എൽ.എമാരുമായി നിരന്തര സമ്പർക്കം പുലർത്തുവെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാക്കൾ, സർക്കാരിന് ഭീഷണിയില്ലെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി മന്ത്രി ഡി.കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. ബിജെപിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടതില്ലെന്ന് ഹൈകമാൻഡ് നിർദേശം നൽകിക്കഴിഞ്ഞു. എന്നാൽ, ഓപ്പറേഷൻ താമര വിജയകരമായി പൂർത്തിയാക്കാൻ സർവ ആയുധങ്ങളും തന്ത്രവുമെടുത്ത് പോരാടുകയാണ് കർണാടകയിലെ ബിജെപി നേതൃത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here