എറണാകുളം അതിരൂപതയിൽ കർദ്ദിനാളിനെതിരായ വിശ്വാസി സംഗമം ഇന്ന്

എറണാകുളം അതിരൂപതയിൽ കർദ്ദിനാളിനെതിരായ വിശ്വാസി സംഗമം ഇന്ന് നടക്കും. വിമത വിഭാഗം വൈദികരുടെ പിന്തുണയോടെയാണ് അൽമായ കൂട്ടായ്മ വിളിച്ച് ചേർക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് കലൂർ റിന്യൂവൽ സെന്ററിലാണ് യോഗം. ഒരിടവകയിൽ നിന്ന് രണ്ട് വീതം പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് യോഗം. അതേസമയം കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പ്രമേയം ഇന്ന് പള്ളികളിൽ അവതരിപ്പിച്ചേക്കും.
അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക, സഹായമെത്രാന്മാരെ പുറത്താക്കിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ വൈദികർ ഉറച്ച് നിൽക്കുകയാണ്. അച്ചടക്ക നടപടിയെ സംഘടിതമായി പ്രതിരോധിക്കാനാണ് വൈദികരുടെ ശ്രമം. സമ്മർദ ശ്രമങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് വൈദികരുടെ തീരുമാനം. പ്രമേയം പള്ളികളിൽ വായിക്കുന്നത് തടയാൻ ഫൊറോനാ വികാരിമാർക്ക് സഭാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രമേയം പള്ളികളിൽ വായിച്ചാൽ വത്തിക്കാന് റിപ്പോർട്ട് നൽകാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.
അതിനിടെ വിമത വൈദികർ നിസഹകരണം തുടരുന്നതിനാൽ അതിരൂപതയിൽ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അടുത്ത മാസം ചേരുന്ന സമ്പൂർണ സിനഡിലാകും എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഇതിന് മുന്നോടിയായി സമ്മർദ്ദ ശ്രമങ്ങൾ സജീവമായി നിലനിർത്തുകയായാണ് വിമത വൈദികർ ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here