ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും; രക്തസാമ്പിൾ നൽകണമെന്ന് മുംബൈ പൊലീസ്

ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും. ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരിയോട് ഡിഎൻഎ പരിശോധനയോട് സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച രക്തസാമ്പിൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കേസിൽ ബിനോയിക്ക് മുംബൈ ദിൻഡോഷി കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥ അനുസരിച്ചാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് അന്വേഷണ സംഘം ബിനോയ് കോടിയേരിയെ ചോദ്യം ചെയ്തു.
കേസിലെ തെളിവുകളിൽ ബിനോയ് കോടിയേരിയുടെ വിശദീകരണം തേടിയ അന്വേഷണ ഉദ്യോഗസ്ഥർ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് ബിനോയിയോട് ആവശ്യപ്പെടുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഓഷിവാര പൊലീസ് കേസെടുത്തതിന് പിന്നാലെ ബിനോയ് കോടിയേരി ഒളിവിൽ പോയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബിനോയിക്ക് മുംബൈ ദിൻഡോഷി കോടതി കർശന വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here