കേന്ദ്ര ബജറ്റിൽ മത്സ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് ആക്ഷേപം

കേന്ദ്ര ബജറ്റ് അവതരണത്തിൽ മൽസ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകിയില്ലന്ന ആക്ഷേപവുമായി കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനും നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറവും രംഗത്തെത്തി. വിദേശ മീൻപിടുത്ത കപ്പലുകൾ ഇന്ത്യൻ സമുദ്രത്തിൽ പ്രവർത്തിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം രൂപികരിച്ചതോടെ ഏറെ പ്രതീക്ഷയിലായിരുന്നു മത്സ്യമേഖല. മത്സ്യ ബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയ്ക്കും ഡീസലിനും സബ്‌സിഡി ഏർപ്പെടുത്തുക, മൽസ്യ തൊഴിലാളികളുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങി മത്സ്യ തൊഴിലാളികൾ നിരന്തരമായി ഉയർത്തിയ പല ആവശ്യങ്ങളും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധമാണ് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനും നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറവും രേഖപ്പെടുത്തിയത്.
മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങൾ അറിയിക്കാനായി കേന്ദ്ര ഫിഷറീസ് വകുപ്പിനെ സമീപിക്കുമെന്നും ചെന്നൈയിൽ നടക്കുന്ന സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ ദേശീയ സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. അതേസമയം വിദേശ മീൻ പിടുത്ത കപ്പലുകൾ ഇന്ത്യൻ സമുദ്രത്തിൽ വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here