തൃശൂരിലെ ഭക്ഷണപ്രിയര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഇലയില്‍ ചിക്കന്‍ ബിരിയാണി ഓഡര്‍ ചെയ്യാം…

തൃശൂരിലെ ഭക്ഷണപ്രിയര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി ഇലയില്‍ ചിക്കന്‍ ബിരിയാണി സദ്യ വീട്ടുപടിക്കലെത്തും. അതും ജയിലില്‍ നിന്ന് തന്നെ. കേള്‍ക്കുമ്പോള്‍ കൗതുകവും നടക്കാന്‍ സാധ്യത ഇല്ല എന്നും തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇനി ബിരിയാണി സദ്യ ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കാന്‍ സാധിക്കുക.
ഫ്രീഡം ചപ്പാത്തിയും, വെജ് ബിരിയാണിയും ചിക്കന്‍ കറിയുമെല്ലാം സ്വാദോടെ ആസ്വദിച്ചവര്‍ക്കിടയിലേക്കാണ് വിയൂര്‍ ജയിലില്‍ നിന്നു തന്നെ ‘ഇലയില്‍ ചിക്കന്‍ ബിരിയാണി’ സദ്യ എത്താന്‍ പോകുന്നത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ ഇലയില്‍ ബിരിയാണി സദ്യ വീട്ടിലെത്തും. ഫ്രീഡം കോമ്പോ ലഞ്ച് എന്നാണ് ബിരിയാണി സദ്യക്ക് പേരിട്ടിരിക്കുന്നത്. പൊരിച്ച കോഴിയുള്ള 300 ഗ്രാം ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു ലിറ്റര്‍ കുപ്പിവെള്ളം, ഒരു കപ്പ് കേക്ക്, സലാഡ്, അച്ചാര്‍ ഒപ്പം തൂശന്‍ ഇലയുമായി പേപ്പര്‍ ബാഗില്‍ ഡെലിവറി ബോയ് നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തും.
ഇലയിലൊരു ഓണ്‍ലൈന്‍ ബിരിയാണി എന്നത് രാജ്യത്ത് തന്നെ ആദ്യമാകും. ഇതിനെല്ലാം ചേര്‍ത്ത് വന്‍തുകയാണെന്ന് കരുതിയാല്‍ അതും തെറ്റി 127 രൂപ നല്‍കിയാല്‍ വയറു നിറച്ചു കഴിക്കാം. കാശ് അല്‍പം കുറക്കണമെങ്കില്‍ കുപ്പിവെള്ളം ഒഴിവാക്കിയാല്‍ 117 രൂപ നല്‍കിയാല്‍ മതിയാകും. ഈ മാസം 11-ാം തീയ്യതി തന്നെ ബിരിയാണി സദ്യയുടെ വിപണനം തുടങ്ങും. ഓണ്‍ലൈന്‍ ഏജന്‍സിയുമായി ജയില്‍ വകുപ്പ് കരാറില്‍ എത്തിക്കഴിഞ്ഞു. പരീക്ഷണം വിജയം കണ്ടാല്‍ കൂടുതല്‍ ഉല്‍പ്പനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണിയിലെത്തിക്കാനും ജയില്‍ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here