‘നാണം കെട്ടവന്റെ ആസനത്തിൽ ആൽ കിളിർത്തതിന് തുല്യം’; കോൺഗ്രസിനെ അധിക്ഷേപിച്ച് എം.എം മണി

നെടുങ്കണ്ടം ഉരുട്ടിക്കൊലയിലെ കോൺഗ്രസ് വിമർശനത്തെ അധിക്ഷേപിച്ച് മന്ത്രി എം.എം മണി. നാണം കെട്ടവന്റെ ആസനത്തിൽ ആൽ കിളിർത്തതിന് തുല്യമാണ് കോൺഗ്രസുകാരുടെ വിമർശനമെന്ന് മന്ത്രി പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ചുള്ള ജൽപനം കേൾക്കുമ്പോൾ പുശ്ചമാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കിയവരാണ് കോൺഗ്രസുകാർ. പ്രസംഗത്തിന്റെ പേരിൽ തന്നെ നാടുകടത്തിയ വിഡ്ഢിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അത്തരക്കാർ തങ്ങളെ ഒന്നും പഠിപ്പിക്കേണ്ട. കോൺഗ്രസുകാരോട് അറപ്പാണ്. പൊലീസുകാരും പ്രശ്‌നക്കാരാണ്. തെറ്റ് ചെയ്യുന്നവർ പെൻഷൻ വാങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കോൺഗ്രസുകാരേയും പൊലീസുകാരെയും വിമർശിച്ച് മണി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും വിവരമില്ലാത്ത ബുദ്ധി ശൂന്യന്മാരായിരുന്നു നെടുങ്കണ്ടത്തെ പൊലീസുകാരെന്നായിരുന്നു മന്ത്രിയുടെ വിമർശനം. കോൺഗ്രസുകാർ പറഞ്ഞ പാടെ ഓടിവന്ന് പ്രതിയെ ഇവർ കസ്റ്റഡിയിലെടുത്തു. മരമണ്ടൻമാരായ എസ്‌ഐയും കൂട്ടരും അവരുടെ ഏരിയപോലും അല്ലാത്ത പുളിയന്മലയിൽ പോയി പ്രതിയെ കൂട്ടിക്കൊണ്ടു പോന്നു. വിവരമുള്ള ആരും ആരെങ്കിലും വിളിച്ചാലുടൻപോയി പ്രതിയെ കൂട്ടിക്കൊണ്ട് പോരില്ലെന്നും മണി പരിഹസിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here