ടെക്‌സാസിൽ കാണാതായ മധ്യവയസ്‌കനെ വളർത്തുനായ്ക്കൾ ഭക്ഷിച്ചതെന്ന് സ്ഥിരീകരണം

അമേരിക്കയിലെ ടെക്‌സാസിൽ നിന്നും മാസങ്ങൾക്ക് മുൻപ് കാണാതായ മധ്യവയസ്‌കനെ വളർത്തുനായ്ക്കൾ ചേർന്ന് ഭക്ഷിച്ചതെന്ന് സ്ഥിരീകരണം. 57കാരനായ ഫ്രെഡി മാക്ക് എന്നയാളെയാണ് പതിനെട്ട് വളർത്തുനായ്ക്കൾ ചേർന്ന് ഭക്ഷിച്ചത്. അതേസമയം, നായ്ക്കൾ ഇയാളെ കൊന്നു തിന്നതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ടെക്‌സാസിലെ വീനസിൽ ഒറ്റപ്പെട്ട സ്ഥലത്ത് വളർത്തു നായ്ക്കൾക്കൊപ്പമായിരുന്നു ഫ്രെഡിയുടെ താമസം. രണ്ടാഴ്ചയിലൊരിക്കൽ പുറത്തുപോകുന്ന ഫ്രെഡിയെ കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം നടത്തിയത്. വീട്ടുവളപ്പിൽ കയറി പരിശോധന നടത്താൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വളർത്തു നായ്ക്കൾ സമ്മതിച്ചില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസെത്തി പരിശോധന നടത്തിയപ്പോൾ വീട്ടുവളപ്പിൽ നിന്നും മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. വിശദമായ പരിശോധനയിൽ കൂടുതൽ എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ നായ്ക്കളുടെ വിസർജ്യത്തിൽ നിന്നും മനുഷ്യന്റെ തലമുടിയും ലഭിച്ചു. കൂടാതെ ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസർജ്യത്തിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിൻ കഷ്ണങ്ങളുടെ ഡിഎൻഎ പരിശോധനഫലം പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here