Advertisement

പിഎസ്‌സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്തിൽ ആളെക്കൂട്ടാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

July 11, 2019
Google News 0 minutes Read

ഉദ്യോഗാർത്ഥികൾക്കുള്ള നിയമന മെമ്മോ പിഎസ്‌സി ആസ്ഥാനത്ത് വിതരണ മേള നടത്തി നൽകാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതു പക്ഷ സർവീസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നിയമന മെമ്മോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയോ രജിസ്റ്റേർഡ് തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെയാണ് ഇത്തരം ഒരു നടപടിക്ക് പിഎസ്‌സി തയ്യാറെടുക്കുന്നത്. ഇത് ഉദ്യോഗാർത്ഥികളെ കൂടുതൽ വലയ്ക്കുന്ന തീരുമാനമാണ്. പിഎസ്‌സി നടത്തുന്ന ഈ മേളയിൽ പങ്കെടുക്കാൻ മലബാർ മേഖലയിൽ നിന്നും വരുന്നവർക്ക് ധനനഷ്ടത്തിനും ഇടവരുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പിഎസ്‌സിയെ തകർക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളത്. വർഷങ്ങളായി പിഎസ്‌സി സുതാര്യവും സത്യസന്ധവുമായി നടത്തിവരുന്ന കായികക്ഷമത പരീക്ഷകൾ, വകുപ്പുതല പരീക്ഷകൾ, ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റികൾ എന്നിവ പിഎസ്‌സിയിൽ നിന്നും മാറ്റി പാരലൽ റിക്രൂട്ട്‌മെന്റ് ബോർഡുകൾ രൂപീകരിക്കാനുള്ള രഹസ്യ നീക്കം നടക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.

വകുപ്പുതല പരീക്ഷകൾ സംസ്ഥാനത്തെ സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായെടുത്ത് കുറ്റമറ്റ രീതിയിലാണ് നടത്തിവന്നിരുന്നത്. എന്നാൽ ഈ വർഷം മുതൽ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജുകൾ ഭീമമായ തുക നൽകി ഓൺലൈൻ സംവിധാനത്തിൽ പരീക്ഷകൾ നടത്തുകയാണ്. രണ്ടാംഘട്ട പരീക്ഷ നടത്തേണ്ട സമയമായിട്ടും ഇതുവരെ ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കമ്മീഷനിലെ സുപ്രധാന പോസ്റ്റുകളിൽ ഇടതുപക്ഷ സംഘടനാ അനുഭാവികളെ നിയമിച്ച് സർക്കാരിന്റെ തുക്ലഗ് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുകയാണ്. ഇടതുപക്ഷ അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥരോട് വൈരനിര്യാതന ബുദ്ധിയോടുള്ള സമീപനം തുടരനാണ് സർക്കാരിന്റെയും പിഎസ്‌സി ചെയർമാന്റെയും നിലപാടെങ്കിൽ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here