വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കുമാരസ്വാമി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തയ്യാറാണെന്നും സ്പീക്കർക്ക് അതിന് തീയതി നിശ്ചയിക്കാമെന്നും കുമാരസ്വാമി വ്യക്തമാക്കി.
വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താൻ സ്പീക്കർ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനു മുന്നോടിയായി വിമത എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺഗ്രസ്,ജെഡിഎസ് എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് ഇന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിമത എംഎൽഎമാരുടെ രാജി സംബന്ധിച്ചുള്ള വാദത്തിനിടെ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്.
Read Also; കർണാടകയിലെ വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകി; നിയമപ്രകാരം നീങ്ങുമെന്ന് സ്പീക്കർ
സ്പീക്കർ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ചോദിച്ചു. വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ലേയെന്നും സുപ്രീംകോടതി ആരാഞ്ഞു. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്പീക്കറുടെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. സ്പീക്കർക്ക് വേണ്ടി അഭിഷേക് സിങ്‌വിയാണ് കോടതിയിൽ ഹാജരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here