ഓമശ്ശേരിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി നടത്തിയ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് ഓമശ്ശേരിയിൽ ജ്വല്ലറിയിൽ തോക്ക്ചൂണ്ടി നടത്തിയ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുഖം മറച്ചെത്തിയ മൂന്ന് പേർ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും ജീവനക്കാർ ഇവരെ നേരിടാൻ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ആഭരണങ്ങളുമായി രണ്ട് പേർ ഓടി രക്ഷപ്പെടുന്നതും കൊള്ളസംഘത്തിലെ ഒരാളെ ജ്വല്ലറിയിലെ ജീവനക്കാർ ചേർന്ന് കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കോഴിക്കോട് ഓമശ്ശേരിയിലെ ശാദി ഗോൾഡ് ജ്വല്ലറിയിൽ ഇന്ന് രാത്രി എഴ് മണിയോടെയാണ് കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരായ 3 പേരടങ്ങുന്ന കവർച്ചാ സംഘമാണ് ജ്വല്ലറിയിൽ എത്തിയത്. കവർച്ച നടത്തിയ ശേഷം ഇതിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. 15 വളകൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ ജ്വല്ലറി ജീവനക്കാർ ചേർന്ന് പിടികൂടിയിരുന്നു. മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടമായിരുന്നു.
ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയിൽ തോക്ക് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മൽപ്പിടുത്തത്തിനിടെ 3 ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അതേ സമയം രക്ഷപ്പെട്ട രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here