എണ്‍പത്തിയാറിന്റെ നിറവില്‍ എംടി വാസുദേവന്‍ നായര്‍

മലയാളത്തിന്റെ മഹാ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ എണ്‍പത്തിയാറിന്റെ നിറവിലെത്തുകയാണ്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍. ജീവിതത്തില്‍ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ് എംടി എന്ന രണ്ടക്ഷരം.

പരിചിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അക്ഷരങ്ങളാക്കിയും അഭ്രപാളികളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ അടയാളപ്പെടുത്തിയും തലമുറകള്‍ നീളുന്ന അനുവാചകരെ സൃഷ്ടിച്ചും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി എംടി എന്ന എം.ടി.വാസുദേവന്‍ നായര്‍ നമ്മുക്കിടയില്‍ തല ഉയര്‍ത്തിനില്‍ക്കുന്നു. നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സര്‍ഗാത്മകതയുടെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച് മലയാളികളെ അത്ഭുതപ്പെടുത്തിയ മഹാ വ്യക്തിത്വം.

നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികള്‍. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എം.ടിയുണ്ടായിരുന്നു. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘നിര്‍മാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതല്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയും ആദരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിന്റെ വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിലെ ചാരുകസേരയിലിരുന്ന് എംടി മന്ദഹാസം തൂകുന്നു. വള്ളുവനാടന്‍ സംസ്‌കൃതിയുടെ സൗന്ദര്യാതിശയങ്ങള്‍ ഭാഷയിലും ശൈലിയിലും ആവാഹിച്ച മഹാമനീഷിക്ക് ട്വന്റിഫോറിന്റെ ജന്മദിനാശംസകള്‍.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top