‘മൈ ലോർഡ്’ വിളി ഒഴിവാക്കി; ചരിത്ര തീരുമാനവുമായി രാജസ്ഥാൻ ഹൈക്കോടതി

കോടതികളിലെ ജഡ്ജിമാരെ അഭിഭാഷകർ മൈ ലോഡ്, മൈ ലോഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഞായറാഴ്ച ജഡ്ജിമാരുടെ ഫുൾ കോർട്ട് ചേർന്നാണു ഹൈക്കോടതി തീരുമാനം കൈക്കൊണ്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകർക്കായി കോടതി നോട്ടീസ് പുറത്തിറക്കി. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകൾ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കു വിരുദ്ധമാണെന്നു നോട്ടീസിൽ പറയുന്നു. അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധകൾക്കു പകരം എന്തു വിളിക്കണമെന്ന് ഉത്തരവിൽ പറയുന്നില്ല.
2014 ജനുവരിയിൽ ജസ്റ്റീസുമാരായ എച്ച്.എൽ. ദത്തു, എസ്.എ. ബോബ്ഡെ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ഇതിനു സമാനമായ പ്രസ്താവന നടത്തിയിരുന്നു. കോടതിയിൽ ജഡ്ജിയെ മൈ ലോർഡ്, യുവർ ലോർഡ്ഷിപ്പ്, യുവർ ഓണർ എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിർബന്ധമില്ലെന്നാണ് ഒരു പൊതുതാത്പര്യ ഹർജി പരിഗണിച്ച് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ ജഡ്ജിമാരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നു നിർദേശിക്കാനാവില്ലെന്നു കാട്ടി കോടതി പൊതുതാത്പര്യ ഹർജി തള്ളുകയും ചെയ്തു.
2009-ൽ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് ചന്ദ്രുവും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 2006-ൽ മൈ ലോഡ്, മൈ ലോഡ്ഷിപ്പ് തുടങ്ങി കൊളോണിയൽ കാലത്തെ പദങ്ങൾ കോടതികളിൽ ഉപയോഗിക്കുന്നതിനെതിരേ ബാർ കൗണ്‍സിൽ പ്രമേയം പാസാക്കുകയുമുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here