Advertisement

ഗുണ്ടായിസമല്ല ആശയങ്ങളാണ് പ്രസ്ഥാനത്തിന്റെ ആയുധം; എസ്എഫ്‌ഐക്കെതിരെ വി.എസ്

July 15, 2019
Google News 1 minute Read

പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ലെന്നും തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യിൽ ആശയങ്ങളാണ് വേണ്ടതെന്നും വി.എസ് അച്യുതാനന്ദൻ. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി ക്യാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ലെന്ന് വേണം ഉറപ്പിക്കാനെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് രാവിലെ തിരുവനന്തപുരം ആർട്‌സ് കോളേജിൽ എസ്എഫ്‌ഐ യുടെ ‘പഠനോത്സവം’ പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഞാൻ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആ പരിപാടിയിൽ പങ്കെടുക്കാൻ ഡോക്ടർമാർ അനുമതി തന്നില്ല.
കൊച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കൽ, അന്ധ ദമ്പതികൾക്ക് ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നല്ലൊരു മാതൃകയാണ് പഠനോത്സവം. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഗവർമെണ്ട് ആർട്ട്‌സ് കോളേജിലെ എസ്എഫ്‌ഐ വിദ്യാർത്ഥികൾ അഭിനന്ദനം അർഹിക്കുന്നു.

പക്ഷെ, അത് മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്. ഈയിടെ നടന്ന, എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമർശിക്കാനും ഞാൻ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമർശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യിൽ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളിൽ വിലസുന്നുണ്ടെങ്കിൽ, തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ല എന്നു വേണം ഉറപ്പിക്കാൻ.

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കിൽ അവരെ കർശനമായി തിരുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോൾ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കൾക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here