യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കുറ്റവാളികൾ ആരായാലും അവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഘർഷവുമായി ബന്ധപ്പെട്ടല്ല ഗവർണറെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു വിഷയം സംസാരിക്കാനാണ് ഗവർണറെ കണ്ടത്. എന്നാൽ യൂണിവേഴ്സിറ്റി കോളേജ് വിഷയവും ചർച്ചയിൽ ഉയർന്നുവന്നു.
വിഷയത്തിൽ ഗവർണർ തന്നോട് റിപ്പോർട്ട് തേടിയിട്ടില്ല. വൈസ് ചാൻസലറോടാണ് റിപ്പോർട്ട് തേടിയിട്ടുള്ളത്. വിഷയത്തിൽ ഒരു വീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. സംഭവത്തിൽ നടപടികയെടുക്കാൻ കോളേജ് എഡ്യുക്കേഷൻ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ മൂന്ന് അനധ്യാപകർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും കെ.ടി ജലീൽ പറഞ്ഞു. ചില അധ്യാപകരേയും സ്ഥലം മാറ്റേണ്ടിവരും. അക്കാര്യങ്ങളെല്ലാം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാവും. എന്നാൽ, ഇക്കാര്യങ്ങളൊന്നും ഗവർണറെ അറിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here