ലോർഡ്സിലെ ഡ്രസ്സിംഗ് റൂം ശാപം; ലോകകപ്പ് ചരിത്രത്തിലാദ്യമായി മറികടന്നത് ഇംഗ്ലണ്ട്

ലോക ക്രിക്കറ്റിൻ്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡിസിലെ ഹോം ടീമിൻ്റെ ഡ്രസിംഗ് റൂമിന് ഒരു ശാപമുണ്ടായിരുന്നു. ശാപമോക്ഷം ലഭിച്ചത് ഇക്കഴിഞ്ഞ ലോകകപ്പിലാണ്. ആ ഡ്രസിംഗ് റൂം ലഭിക്കുന്ന ടീം ലോകകപ്പുകളിൽ തോൽക്കാറായിരുന്നു പതിവ്. ആ പതിവാണ് ലോകകപ്പ് ക്രിക്കറ്റിൻ്റെ 44 വർഷങ്ങൾ നീണ്ട ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് തകർത്തത്.
ലോർഡ്സിൽ മുൻപ് നടന്ന നാലു ലോകകപ്പ് ഫൈനലുകളിലും ഹോം ടീമിൻ്റെ ഡ്രസിംഗ് റൂം എടുത്തവർ പരാജയപ്പെട്ടു. 1975ൽ വിൻഡീസ് ആദ്യ ലോക ചാമ്പ്യന്മാരാകുമ്പോൾ പരാജയപ്പെട്ട ഓസ്ട്രേലിയ ഈ ഡ്രസിംഗ് റൂമായിരുന്നു ഉപയോഗിച്ചത്. 79ൽ ആതിഥേയരായ ഇംഗ്ലണ്ട് ഹോം ടീം എന്ന നിലയിൽ ഈ ഡ്രസിംഗ് റൂം ഉപയോഗിച്ചു. കലാശക്കളിയിൽ അവരും പരാജയപ്പെട്ടു. ഇന്ത്യയും-വിൻഡീസും തമ്മിൽ നടന്ന 1983 ലോകകപ്പ് ഫൈനലിൽ നേരത്തെ രണ്ടു തവണ ജേതാക്കളായ ടീം എന്ന നിലയിൽ വിൻഡീസിന് ഈ ഡ്രസിംഗ് റൂം നൽകി. മത്സരത്തിൽ വിൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യത്തെ കപ്പടിച്ചു.
1999 ഫൈനലിൽ ഓസ്ട്രേലിയയും പാക്കിസ്ഥാനുമാണ് ഫൈനൽ കളിച്ചത്. ഡ്രസിംഗ് റൂം ശാപമറിയാവുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് വോയും പാക്കിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രവും ചേർന്ന് ടോസിട്ട് മുറി തിരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചു. ടോസ് നേടിയത് സ്റ്റീവ് വോ. ഇതോടെ പാക്കിസ്ഥാനായി ആ മുറി. കിരീടം ഓസ്ട്രേലിയക്ക്.
പിന്നീട് നടന്നതായിരുന്നു ഈ ലോകകപ്പ്. ഹോം ടീമായ ഇംഗ്ലണ്ടിനാണ് ഇക്കൊല്ലം ഹോം ടീം ഡ്രസിംഗ് റൂം ലഭിച്ചത്. ചരിത്രം മാറി. ഇംഗ്ലണ്ട് കപ്പടിച്ചു. മുറിയ്ക്ക് ശാപമോക്ഷം ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here