രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷ ഇളവു ചെയ്യാൻ ഗവണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. ഇതിൽ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് നളിനി കോടതിയെ സമീപിച്ചത്.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 ന് ചാവേർ സ്‌ഫോടനത്തിലൂടെ വധിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ൽ തമിഴ്‌നാട് സർക്കാർ ജീവപര്യന്തമായി കുറച്ചിരുന്നു. അറസ്റ്റിലായത് മുതൽ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി. നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചിട്ടുണ്ട്. മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പരോൾ അനുവദിച്ചത്.
ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ൽ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം നളിനി ജയിലിൽ നിന്നു പുറത്തിറങ്ങിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് നളിനിക്ക് പരോൾ അനുവദിച്ചു കിട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here