യൂണിവേഴ്‌സിറ്റി വധശ്രമക്കേസ്; ‘എസ്എഫ്‌ഐ യൂണിറ്റിന് എല്ലാം അറിയാം’; പ്രതികളുടെ മൊഴി പുറത്ത്

യൂണിവേഴ്‌സിറ്റി വധശ്രമക്കേസിൽ പ്രതികളുടെ മൊഴി പുറത്ത്. എസ്എഫ്‌ഐ യൂണിറ്റിന് എല്ലാം അറിയാമായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. അഖിലിനെ കുത്തിയ ശേഷം ഒളിവിൽ പോയത് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമെന്ന് പ്രതികൾ പറഞ്ഞു. സംഭവത്തിന് ശേഷം പിഎംജി സ്റ്റുഡന്റ് സെന്ററിൽ കമ്മിറ്റി ചേർന്നെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
അതേസമയം, യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളേജിൽ ഒളിപ്പിച്ചെന്ന് ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. കൃത്യത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റു എട്ടു പ്രതികൾക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും സാധ്യതയുണ്ട്.
Read Also : യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം; മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും
കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് ഇന്ന് തെളിവെടുപ്പിനെത്തിക്കുന്നത്.അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ ഒളിപ്പിച്ചതായി ഒന്നാം പ്രതി ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും സാന്നിധ്യത്തിൽ കത്തി കണ്ടെടുക്കും. മറ്റു തെളിവുകൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കോളജ് വീണ്ടും തുറക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here