ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് സർവകലാശാല ഉത്തരക്കടലാസുകൾ തന്നെ; സിൻഡിക്കേറ്റ് അന്വേഷിക്കും

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ഉത്തര കടലാസുകൾ വ്യാജമല്ലെന്ന് കേരള യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളറുടെ റിപ്പോർട്ട്. 2015ലും 2016ലുമായി യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളിൽ ഉൾപ്പെട്ടതാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഉത്തരക്കടലാസുകൾ ശിവരഞ്ജിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ കെ ബി മനോജ് അധ്യക്ഷനായ മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിചേർക്കപ്പെട്ട ശേഷം ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പന്ത്രണ്ട് ബൻഡിൽ പരീക്ഷാ പേപ്പറുകൾ പിടികൂടിയത്.
അതിനിടെ ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. മോഷണക്കേസും വ്യാജ രേഖ കേസുമാണ് പൊലീസ് പുതിയതായി എടുത്തത്. സർവകലാശാല ഉത്തരപേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പിഎസ്‌സി പൊലീസ് റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയതെന്നാണ് ശിവരഞ്ജിത് പറയുന്നത്. പരീക്ഷയിൽ 55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നുവെന്നും ബാക്കിയുള്ളത് ഊഹിച്ചെഴുതിയതാണെന്നുമാണ് ശിവരഞ്ജിത്തിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here