ക്രിക്കറ്റ് നിയമങ്ങൾ നിർമിക്കുന്നതും പരിഷ്കരിക്കുന്നതും എംസിസിയാണ്; ഐസിസിയല്ല എംസിസി

പലരും ധരിച്ചിരിക്കുന്നത് ക്രിക്കറ്റ് നിയമങ്ങൾ നിർമിക്കുന്നതും പരിഷ്കരിക്കുന്നതും ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആണെന്നാണ്. പക്ഷേ, സത്യം അതല്ല. ലോകവ്യാപകമായി ക്രിക്കറ്റിൻ്റെ കാര്യങ്ങളിലൊക്കെ അവസാന വാക്ക് ഐസിസിക്കാണെങ്കിലും ക്രിക്കറ്റ് നിയമങ്ങളിൽ എംസിസിയാണ് അവസാന തീരുമാനമെടുക്കുന്നത്. ക്രിക്കറ്റ് നിയമങ്ങൾ നിർമ്മിക്കാനും പരിഷ്കരിക്കാനും അവകാശമുള്ളത് എംസിസിക്ക് മാത്രമാണ്.
ഇംഗ്ലണ്ടിലെ ക്രിക്കറ്റ് വളർച്ചയ്ക്ക് സുപ്രധാന പങ്കു വഹിച്ച ക്ലബായിരുന്നു എംസിസി. 1787ൽ രൂപീകരിക്കപ്പെട്ട എംസിസി 1814ൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആസ്ഥാനമാക്കി പ്രവർത്തനമരംഭിച്ചു. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയായാണ് ആദ്യം എംസിസി പ്രവർത്തിച്ചു കൊണ്ടിരുന്നത്. 1788ൽ എംസിസി ക്രിക്കറ്റ് നിയമങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ക്രിക്കറ്റ് നിയമങ്ങൾ നിർമിക്കാനും പരിഷ്കരിക്കാനുമുള്ള പേറ്റൻ്റ് എംസിസിക്കാണ്. എംസിസിയുടെ നിർദ്ദേശങ്ങൾക്ക് ഐസിസി അംഗീകാരം നൽകിയാൽ മാത്രമേ നിയമ നടപ്പിലാവൂ എങ്കിലും ഐസിസിക്ക് നിയമം നിർമിക്കാനോ പരിഷ്കരിക്കാനോ അവകാശമില്ല.
ലോകകപ്പ് ഫൈനലിലെ ഓവർത്രോ നിയമം പരിശോധിക്കാനും വേണമെങ്കിൽ പരിഷ്കരിക്കാനും എംസിസി തീരുമാനിച്ചത് തെറ്റിദ്ധാരണകൾ പരത്തിയിരുന്നു. എംസിസിക്കല്ല, ഐസിസിക്കാണ് അതിനുള്ള അവകാശമെന്ന ചിലരുടെ വാദം തെറ്റാണ്. ക്രിക്കറ്റ് നിയമങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്തം എംസിസിക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here