രമ്യ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയ സംഭവം; താനാണെങ്കിൽ അങ്ങനെയുള്ള കാർ വാങ്ങില്ലെന്ന് മുല്ലപ്പള്ളി

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാർ വാങ്ങാൻ പിരിവ് നടത്തിയതിനെതിരെ
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയത് ശരിയായില്ലെന്നും താനാണെങ്കില്‍ അങ്ങനെയുള്ള കാര്‍ വാങ്ങില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വാഹനം വാങ്ങി നല്‍കുന്നതിനെ അഭിമാനത്തോടെയാണ്
കാണുന്നതെന്ന നിലപാടാണ് രമ്യ ഹരിദാസിനുളളത്.

വാഹനം വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പിരിവ് ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. എം.പിയെന്ന നിലയ്ക്ക് വാഹനം വാങ്ങാനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നിരിക്കെ എന്തിനാണ് ഇത്തരത്തില്‍ പിരിവ് നടത്തുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് പിരിവെടുത്ത് വാഹനം വാങ്ങുന്നതിനെരിരെ മുല്ലപ്പള്ളി രംഗത്തെത്തിയത്.

എന്നാല്‍ യൂത്ത് കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ വാഹനം വാങ്ങി നൽകാനുള്ള മണ്ഡലം കമ്മറ്റി തീരുമാനത്തെ അഭിമാനത്തോടെയാണ് കാണുന്നതെന്നാണ് ഇക്കാര്യത്തില്‍ രമ്യഹരിദാസിന്റെ നിലപാട്. മണ്ഡലം കമ്മറ്റി വാഹനം വാങ്ങി നൽകുത് സംബന്ധിച്ച് നൽകിയ നിർദ്ദേശം ഏറ്റെടുക്കുമെന്നും രമ്യ പറഞ്ഞു.

14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം വാങ്ങാനുള്ള പണത്തിനായി 1400 കൂപ്പണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് നിലവിലെ തീരുമാനം. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശവും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറാനിരിക്കെയാണ് വിവാദങ്ങള്‍ വീണ്ടും ആലത്തൂരിലേക്ക് വന്നെത്തുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More