ഷീല ദീക്ഷിത് കോൺഗ്രസിന് നികത്താനാകാത്ത നഷ്ടം; മരണം പിസിസി അധ്യക്ഷയായിരിക്കെ

കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണ് ഷീല ദീക്ഷിതിന്റെ വിയോഗം. ഡൽഹിയുടെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ ഷീല ദീക്ഷിത് നിർണായക പങ്കാണ് വഹിച്ചത്. മൂന്ന് തവണകളിലായി പതിനഞ്ച് വർഷക്കാലം ഡൽഹിയെ തോളിലേറ്റിയ ശേഷമായിരുന്നു ഷീല ദീക്ഷിതിന്റെ പടിയിറക്കം. ഡൽഹിയിലെ ജനങ്ങൾ ഷീല ദീക്ഷിതിൽ ജനകീയയായ നേതാവിനെ കണ്ടു. എന്നാൽ അഴിമതിയാരോപണങ്ങളും വിലക്കയറ്റവും ഡൽഹിയിലെ ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
1998 മുതൽ 2013 വരെയുള്ള കാലത്തായിരുന്നു ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിത മുഖ്യമന്ത്രിയായിരുന്നു ഷീല. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നായിരുന്നു ഷീല എംഎൽഎയായി വിജയിച്ചത്. ആംആദ്മി പാർട്ടിയുമായി അരവിന്ദ് കേജ്‌രിവാൾ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രചാരണങ്ങളുമായി എത്തിയതോടെ പതിനഞ്ച് വർഷത്തോളം നീണ്ട ഭരണത്തിന് ഷീല ദീക്ഷിത് വിവാരമമിട്ടു. ഷീല ദീക്ഷിതിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതായിരുന്നു ആ തോൽവി.
നെഹ്‌റു കുടുംബത്തോട് ഏറെ അടത്ത ബന്ധമായിരുന്നു ഷീല ദീക്ഷിത് പുലർത്തിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നുനിന്ന ഷീല ദീക്ഷിതിനെ നാം കണ്ടതാണ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പിസിസി അധ്യക്ഷയായിരിക്കെയാണ് അന്ത്യം. കോൺഗ്രസിന് ഇനി പറയാൻ ഷീലയോളം മുതിർന്ന, പരിചയ സമ്പന്നയായ ഒരു വനിതാ നേതാവ് ഇല്ല. ഈ നഷ്ടം അത്രമേൽ നികത്താൻ കഴിയാത്തതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here