യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം; പുത്തൻകുരിശ് വരിക്കോലി പള്ളിയിൽ വീണ്ടും രഹസ്യ ശവസംസ്കാരം

യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന പുത്തൻകുരിശ് വരിക്കോലി പള്ളിയിൽ വീണ്ടും രഹസ്യ ശവസംസ്കാരം. കഴിഞ്ഞ ദിവസം അന്തരിച്ച നീർമ്മേൽ പി.സി.പൗലോസിന്റെ മൃതദേഹമാണ് പള്ളിക്ക് പിന്നിലുള്ള സെമിത്തേരിയിൽ രഹസ്യമായി എത്തിച്ച് സംസ്കരിച്ചത്. പള്ളിക്ക് മുന്നിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
സുപ്രീം കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന്റെ അധീനതയിലുള്ള വരിക്കോലി പള്ളിയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് രഹസ്യമായി ശവസംസ്കാരം നടന്നത്. വരിക്കോലി സ്വദേശി പി.സി.പൗലോസിന്റെ മൃതദേഹം വീട്ടിലെയും യാക്കോബായ വിഭാഗത്തിന്റെ ചാപ്പലിലെയും ശുശ്രൂഷകൾക്ക് ശേഷം സംസ്കാരത്തിനായി ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയിലെത്തിച്ചു. എന്നാൽ പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ച പൊലീസ് സംഘം വിശ്വാസികളെ തടഞ്ഞതിനെ തുടർന്ന് പള്ളിക്ക് പിന്നിലുള്ള വഴിയിലൂടെ മൃതദേഹവുമായി സെമിത്തേരിയിലേയ്ക്ക്. പൊലീസ് കേസ് ഭയന്ന് തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് ധരിച്ചാണ് ബന്ധുക്കളും വിശ്വാസികളും വന്നത്. ഏതാനും ദൂരം കാൽനടയായി റബർ തോട്ടത്തിലൂടെ മതിലുകൾ ഉൾപ്പെടെ കടന്ന് മുതദേഹം സെമിത്തേരിയിൽ എത്തിച്ചു. 15 മിനിറ്റിനുള്ളിൽ കുഴിയെടുത്ത് സഭാപരമായ കർമ്മങ്ങൾ പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചു.
മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ അനുവാദം നൽകാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച ഇതേ പള്ളിയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യമായി മൃതദേഹം സംസ്കരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here